മെഹ്നാസ് ഫരീദ്
ദമ്മാം: ചരിത്രം കുറിച്ച് ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ആദ്യ വനിത പ്രിൻസിപ്പൽ സ്ഥാനമേറ്റു. സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ സുബൈർ ഖാെൻറ ഒഴിവിലാണ് സ്കൂളിലെ സീനിയർ അധ്യാപിക മെഹ്നാസ് ഫരീദ് നിയമിക്കപ്പെട്ടത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇഷ്ട അധ്യാപികകൂടിയായ മെഹ്നാസിെൻറ പുതിയ നിയോഗം എല്ലാവരിലും ആഹ്ലാദം പരത്തി. സ്കൂളിെൻറ പ്രവർത്തനങ്ങളിൽ സുതാര്യതയും പൊതുതാൽപര്യങ്ങളും സംരക്ഷിക്കാൻ അവർക്ക് കഴിയുമെന്നാണ് പൊതുവേ വിലയിരുത്തൽ. ഒന്നര വർഷം മുമ്പ് ചുമതലയേറ്റ സുബൈർ ഖാൻ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് പുറത്തായത്. 1982ൽ സ്ഥാപിതമായ ദമ്മാം സ്കൂളിൽ 1985 മുതൽ മെഹ്നാസ് ഫരീദ് അധ്യാപികയാണ്. മുംബെ സ്വദേശിനിയായ അവർ ൈപ്രമറി ക്ലാസ് ടീച്ചറായാണ് സ്കൂളിൽ ചേർന്നത്. പിന്നീട് പടിപടിയായി വിവിധ തസ്തികകളിലേക്ക് ഉയരുകയായിരുന്നു.
പരീക്ഷ കൺട്രോളർ, അക്കാദമിക് വിഭാഗം വൈസ് പ്രിൻസിപ്പൽ, ബോയ്സ് ഗേൾസ് സ്കൂളുകളുടെ വൈസ് പ്രിൻസിപ്പൽ തുടങ്ങിയ പദവികളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചു. നേതൃപാടവവും പ്രവർത്തന പരിചയവും ആത്മാർഥതയും വഹിച്ച പദവികളിലെല്ലാം വിജയം നേടാൻ അവർക്ക് മുതൽക്കൂട്ടായി. ദമ്മാം സ്കൂളിെൻറ 38 വർഷത്തെ ചരിത്രത്തിലെ നിരവധി നേട്ടങ്ങളിൽ മെഹ്നാസ് ഫരീദിെൻറ ൈകയൊപ്പുണ്ട്. ഈ ആത്മബന്ധം സ്കൂളിനെ വിവാദങ്ങളില്ലാതെ മുന്നോട്ടു നയിക്കാൻ മെഹ്നാസിനെ പ്രാപ്തമാക്കുമെന്നാണ് പൊതുവിലുള്ള വിശ്വാസം. ദമ്മാം സ്കുൾ സമൂഹത്തിേൻറതാണെന്നും ഉയർച്ചയിൽ എത്തിക്കാൻ സമൂഹം കൈകോർക്കേണ്ടതുണ്ടെന്നും അവരെ മാറ്റിനിർത്തി പുകമറ സൃഷ്ടിക്കുന്ന ഒരു പ്രവൃത്തിയും തെൻറ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സി.ബി.എസ്.ഇ 30ശതമാനം പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും കിട്ടിയില്ല എന്നും പ്രിൻസിപ്പൽ പറഞ്ഞു. ഭർത്താവ് ഫരീദ് ഒപ്പമുണ്ട്. ഡോക്ടറായ മകൾ കാനഡയിലും കെമിക്കൽ എൻജിനീയറായ മകൻ ഓസ്ട്രേലിയയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.