റിയാദ്: അറ്റ്‌ലാൻറിക് സമുദ്രത്തിലെ വിനോദസഞ്ചാര കപ്പലുകളിൽ ഹാൻറ വൈറസ് (Hanta Virus) റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, സൗദി അറേബ്യയിൽ നിലവിൽ രോഗഭീഷണി ഇല്ലെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) വ്യക്തമാക്കി. അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിലെ ആരോഗ്യ മൂല്യനിർണയ പ്രകാരം അപകടസാധ്യത വളരെ കുറവാണെന്നും അതോറിറ്റി അറിയിച്ചു.
രാജ്യത്തെ ശക്തമായ പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങൾ, അതിർത്തികളിലെ കർശന നിരീക്ഷണം, ആധുനിക മുൻകരുതൽ സംവിധാനങ്ങൾ എന്നിവയുടെ ഫലമായി വൈറസ് രാജ്യത്തേക്ക് എത്താനുള്ള സാധ്യത തുലോം കുറവാണ്. കൂടാതെ, ഭക്ഷണത്തിെൻറ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളും പരിസര ശുചിത്വ പരിപാടികളും രാജ്യത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
എന്താണ് ഹാൻറ വൈറസ്?
മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ അപൂർവമാണെങ്കിലും ഹാൻറ വൈറസ് ബാധിച്ചാൽ അത് ഗുരുതരമായേക്കാം. രോഗബാധയുള്ള എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയുമായുള്ള സമ്പർക്കം മൂലമോ അവ കലർന്ന പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയോ ആണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നത് അത്യപൂർവമാണെന്നും, പ്രത്യേക സാഹചര്യങ്ങളിൽ ദീർഘനേരത്തെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് സംഭവിക്കാനിടയുള്ളൂവെന്നും വിഖായ വിശദീകരിച്ചു.
യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ
വേനൽക്കാല യാത്രാത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വിദേശയാത്ര നടത്തുന്നവർ പൊതുവായ മുൻകരുതലുകൾ പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. യാത്രയ്ക്ക് മുൻപായി അതാത് രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുക. ശുദ്ധമായ ഭക്ഷണവും വെള്ളവും മാത്രം ഉപയോഗിക്കാനും വ്യക്തിശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം. എലികളുമായോ അവയുടെ സാന്നിധ്യമുള്ള ഇടങ്ങളുമായോ സമ്പർക്കം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ഭക്ഷണശാലകളോ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള സ്ഥലങ്ങളോ സന്ദർശിക്കാതിരിക്കുക. അതോടൊപ്പം, യാത്രയിൽ ഉടനീളം അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് വിഖായ അഭ്യർത്ഥിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഏത് പുതിയ വിവരങ്ങളും യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അതോറിറ്റി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.