ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ ഓർത്ത്​ ഇനി വ്യാകുലത വേണ്ട; സൗദിയിലെ തൊഴിലിടങ്ങളിൽ നഴ്സറികൾ വരുന്നു

റിയാദ്: ജോലിക്ക് പോകുന്ന സമയത്ത് സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷയെയും പരിചരണത്തെയും കുറിച്ച് ഇനി സൗദി അറേബ്യയിലെ ജീവനക്കാർക്ക് ആശങ്ക വേണ്ട. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രമുഖ തൊഴിലിടങ്ങളിൽ കിൻറർഗാർട്ടനുകളും നഴ്സറികളും സ്ഥാപിക്കാനുള്ള നടപടികൾക്ക് രാജ്യം തുടക്കമിട്ടു കഴിഞ്ഞു. പ്രഫഷനൽ ജീവിതവും കുടുംബ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടുപോകാൻ ജീവനക്കാരെ സഹായിക്കുന്നതിനും, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനുമുള്ള രാജ്യത്തി​െൻറ തന്ത്രപരമായ നീക്കത്തി​െൻറ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കുട്ടികൾ തൊഴിലിടത്തോടൊപ്പമുണ്ടെന്ന ഉറപ്പ് മാതാപിതാക്കളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ജോലിയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. യോഗ്യതയുള്ള ജീവനക്കാരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് സുരക്ഷിതവും വിജ്ഞാനപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ജീവനക്കാരുടെ അനാവശ്യ അവധികൾ കുറയ്ക്കാനും കുഞ്ഞുങ്ങളുടെ പരിചരണത്തിനായി ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവണത ഇല്ലാതാക്കാനും ഈ പുതിയ സംവിധാനം സഹായകമാകും. ഈ കേന്ദ്രങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ കർശനമായ മാനദണ്ഡങ്ങളാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്.

തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ‘വിഷൻ 2030’ ലക്ഷ്യത്തോട് പൂർണമായും നീതി പുലർത്തുന്നതാണ് ഈ നടപടി. ധാരാളം ജീവനക്കാരുള്ള സർക്കാർ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും കിൻറർഗാർട്ടനുകൾ തുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന് സൗദി മന്ത്രിസഭ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വിവിധ മന്ത്രാലയങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും ജോലി സമയവും കിൻറർഗാർട്ടനുകളുടെ പ്രവർത്തന സമയവും തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാൻ പുതിയ നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്നും സർക്കാർ അറിയിച്ചു. ചുരുക്കത്തിൽ, കുഞ്ഞുങ്ങളെ വീട്ടിലാക്കി നെഞ്ചിടിപ്പോടെ ജോലിക്ക് പോകേണ്ടി വരുന്ന രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് സൗദി ഭരണകൂടം ഇതിലൂടെ ഒരുക്കുന്നത്.

Tags:    
News Summary - No more worrying about children when going to work; nurseries are coming to workplaces in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.