പ്രസാദ് കുമാറിനുള്ള യാത്രാ രേഖകളും ടിക്കറ്റും കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര കൈമാറുന്നു

അപരിചിതന് ലിഫ്റ്റ് നൽകി; മലയാളിക്ക് നഷ്​ടമായത് ജോലിയും 11 വർഷത്തെ സേവന ആനുകൂല്യങ്ങളും

റിയാദ്: വഴിയരികിൽ സഹായം അഭ്യർഥിച്ചുനിന്ന അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളി പ്രവാസിക്ക് ജയിൽവാസവും തൊഴിൽ നഷ്​ടവും. പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറാണ് ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ജീവിതം വഴിമുട്ടിയ അവസ്ഥയിലായത്. കഴിഞ്ഞ 11 വർഷമായി സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യവേയാണ് പ്രസാദ് കുമാർ വഴിയിൽ സഹായം ചോദിച്ച യമൻ സ്വദേശിയെ വാഹനത്തിൽ കയറ്റിയത്. എന്നാൽ, യാത്രയ്ക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾക്ക് മതിയായ രേഖകളില്ലെന്നും അതിർത്തി കടന്ന് നിയമവിരുദ്ധമായി എത്തിയതാണെന്നും കണ്ടെത്തി. ഇതോടെ യമൻ സ്വദേശിക്കൊപ്പം പ്രസാദ് കുമാറിനെയും പൊലീസ് കസ്​റ്റഡിയിലെടുത്തു. ഒരു മാസത്തോളം ഇദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നു.

ജയിൽ മോചിതനായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ പ്രസാദിനെ കാത്തിരുന്നത് മറ്റൊരു തിരിച്ചടിയായിരുന്നു. കമ്പനിയുടെ വാഹനം ഉപയോഗിച്ച് നിയമവിരുദ്ധമായി ടാക്സി സർവിസ് നടത്തി എന്ന കുറ്റം ചുമത്തി പ്രസാദിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. സൗദി തൊഴിൽ നിയമത്തിലെ കടുത്ത വകുപ്പായ ആർട്ടിക്കിൾ 80 പ്രകാരമാണ് കമ്പനി നടപടിയെടുത്തത്. ഇതോടെ 11 വർഷത്തെ സർവിസ് ബെനഫിറ്റോ കുടിശ്ശികയുള്ള ശമ്പളമോ ലഭിക്കാതെ പ്രസാദ് കുമാർ വഴിയാധാരമായി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ് സഹായത്തിനായി റിയാദിലെ ഇന്ത്യൻ എംബസിയെയും കേളി കലാസാംസ്കാരിക വേദിയെയും സമീപിച്ചു. കേളി പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് എക്സിറ്റ് നടപടികൾ പൂർത്തിയാക്കി. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റും കേളി നൽകി.

‘ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. കൃത്യമായ രേഖകളില്ലാത്തവരെ വാഹനത്തിൽ കയറ്റുന്നത് സൗദിയിൽ കടുത്ത കുറ്റകൃത്യമാണ്. മാനുഷിക പരിഗണന വെച്ച് ചെയ്യുന്ന കാര്യങ്ങൾ പോലും നിയമത്തിന് മുന്നിൽ തിരിച്ചടിയായേക്കാം എന്ന് കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധവത്കരണം ഇല്ലാത്തതും ചെറിയ അശ്രദ്ധയും എങ്ങനെ ഒരു പ്രവാസിയുടെ ജീവിതം തകർക്കാം എന്നതി​ന്റെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറുന്നു.

Tags:    
News Summary - Malayali loses job and 11 years of service benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.