ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റും ബോർഡ് ചെയർമാനുമായ മുഹമ്മദ് യൂസഫ് നാഗിക്കൊപ്പം ശാക്കിർ ഹുസൈൻ

ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് അംഗത്വം നേടി മലയാളി സംരംഭകൻ ശാക്കിർ ഹുസൈൻ

ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിൽ അംഗത്വം നേടി മലയാളി സംരംഭകൻ. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശിയും ജിദ്ദയിൽ ദീർഘകാലമായി ബിസിനസ് നടത്തിവരുന്ന, നിലവിൽ അറേബ്യൻ ഹൊറൈസൺ കമ്പനി ചെയർമാനും എംഡിയുമായ ശാക്കിർ ഹുസൈനാണ് പുതുതായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് അംഗമായത്. ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിൻ്റെ ഇക്കണോമിക് ആക്ടിവിറ്റീസ് കമ്മിറ്റികളുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി കോൺഫറൻസുകൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റിയിലേക്കാണ് ശാക്കിർ ഹുസൈന് ചേംബർ അംഗത്വം ലഭിച്ചത്. ചെറുകിട, ഇടത്തരം സംരംഭക മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളിൽ ഒരാളെന്ന നിലയിൽ തൻ്റെ വൈദഗ്ധ്യവും അനുഭവപരിചയവും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വിലപ്പെട്ട മുതൽക്കൂട്ടാകുമെന്ന ഉറച്ച വിശ്വാസമാണ് അംഗത്വം നല്കാൻ പ്രേരകം എന്ന് ചേംബർ അധികൃതർ അറിയിച്ചു. കമ്മിറ്റിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ, പ്രത്യേകിച്ചും സാമ്പത്തിക പ്രവർത്തനങ്ങളുടെ സംഘാടനത്തിലും വികസനത്തിലും സാക്കിർ ഹുസൈന്റെ അംഗത്വം സുപ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

29 വർഷത്തിലധികമായി സൗദിയിൽ സംരംഭകനാണ് ശാക്കിർ ഹുസൈൻ. റെഡിമെയ്ഡ് വസ്ത്ര മൊത്തവ്യാപാര മേഖലയിലാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. 2018-ൽ അദ്ദേഹം സ്ഥാപിച്ച അറേബ്യൻ ഹൊറൈസൺ കമ്പനി ഫോർ കൊമേഴ്സ്യൽ സർവീസസ് സൗദിയിൽ സംരഭങ്ങൾ തുടങ്ങുന്ന വിദേശ നിക്ഷേപകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്ന ഒരു മുൻനിര കൺസൾട്ടൻസി സ്ഥാപനമായി വളർന്നു. 2020 മുതൽ അറേബ്യൻ ഹൊറൈസൺ എക്സിബിഷൻ, ഇവൻ്റ് മാനേജ്‌മെൻ്റ് രംഗത്തും മുന്നേറ്റം നടത്തി. നിലവിൽ ജലാറ്റോ ഡിവിനോ, അഡ്വെർടൈസിങ് ആൻഡ് മാർക്കറ്റിംങ് കമ്പനിയായ ബിർന്ൻ ആൻഡ് ബ്രോണ്ട്, എ.ബി.സി പ്രൊഡക്ഷൻസ്, അൽ തമാം പ്ലാസ്റ്റിക് ഫാക്ടറി, ഗ്രീൻ ബാഗ്‌സ് സൗദി, മകാത്തി ഇന്റർനാഷനൽ, സെന്റോർ മിഡിൽ ഈസ്റ്റ് തുടങ്ങിയ കമ്പനികളുടെ സാരഥിയാണ് അദ്ദേഹം. ഇന്ത്യയിൽ നാപ്ടെക്‌ ടൂൾസ്, ലൈഫ് ഇൻഫ്യൂഷൻ ഫാർമസ്യൂട്ടിക്കൽസ് എന്നീ ഫാക്ടറികളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ട്. 2022 ൽ മീഡിയവൺ മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസ് അവാർഡ് ഉൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജിദ്ദ ചേംബർ ഓഫ് കോമേഴ്സിൽ അംഗത്വം നേടുന്ന അപൂർവം വിദേശികളിൽ ഒരാളെന്ന നിലയിൽ ശാക്കിർ ഹുസൈനെ വിവിധ കോണുകളിൽ നിന്നുള്ളവർ അഭിനന്ദിച്ചു.

Tags:    
News Summary - Malayali entrepreneur Zakir Hussain becomes member of Jeddah Chamber of Commerce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.