ആയിരങ്ങള്‍ക്ക് ഒരുനേരത്തെ  ഭക്ഷണവുമായി ‘മലബാര്‍ അടുക്കള’ 

ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്ത ദാനവര്‍ഷത്തോടനുബന്ധിച്ച്  യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ഭക്ഷ്യബാങ്ക് പദ്ധതിയില്‍  'മലബാര്‍ അടുക്കള' ഫേസ്ബുക്ക് കൂട്ടായ്മയും പങ്കുചേരുന്നു. 
ലോകത്തിന്‍െറ പല ഭാഗങ്ങളിലുള്ള മലബാര്‍ അടുക്കള കോ ഓഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍  പാവപ്പെട്ടവര്‍ക്ക് ഈ മാസം 27ന് വെള്ളിയാഴ്ച ‘ഒരു നേരത്തെ ആഹാരം‘ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദലി ചക്കോത്ത് പറഞ്ഞു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലു കേരളത്തിലെ എല്ലാ ജില്ലകളിലൂം മുംബൈ, ഡല്‍ഹി, മംഗലാപുരം തുടങ്ങയ നഗരങ്ങളിലും തുര്‍ക്കിയിലും അമേരിക്കയിലെ ടെക്സാസിലും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.  അംഗങ്ങള്‍ ഉണ്ടാക്കികൊണ്ടുവരുന്നതിനൊപ്പം റസ്റ്റോറന്‍റുകളുടെ സഹകരണത്തോടെയുമായിരിക്കും ഭക്ഷ്യ വിതരണം. യു.എ.ഇയില്‍ ലേബര്‍ ക്യാമ്പുകളില്‍ ബിരിയാണി വിതരണം ചെയ്യും.  
ഡല്‍ഹിയില്‍ 500 പേര്‍ക്കും മലയാളി നഴ്സുമാര്‍ നടത്തുന്ന തുര്‍ക്കിയിലെ അനാഥാലയത്തില്‍ 500 പേര്‍ക്കും ഭക്ഷണം നല്‍കും. ടെക്സാസിലെ അംഗങ്ങള്‍ അവിടെ തെരുവില്‍ തല്‍സമയം പാചകം ചെയ്തായിരിക്കും ഭക്ഷണം വിതരണം ചെയ്യുക. 
മലബാര്‍ അടുക്കള ഗ്രുപ്പ് അംഗങ്ങളുടെ എണ്ണം 2.20 ലക്ഷം പിന്നിട്ടതിന്‍െറ സന്തോഷം കൂടിയായാണ് ദാന ഉദ്യമത്തില്‍ പങ്കുചേരുന്നത്. യു.എ.ഇയില്‍ മാത്രം 60,000 ത്തിലേറെ അംഗങ്ങളുണ്ട് ഈ ഗ്രൂപ്പിന്. 
ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഫേസ്ബുക് കൂട്ടായ്മ വിവിധ രാജ്യങ്ങളില്‍ ഒരേ ദിവസം സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്നതെന്ന് ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ കണ്ണോത്ത് പറഞ്ഞു.

Tags:    
News Summary - malabar adukkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.