അറ്റകുറ്റപ്പണികളും തിരക്കും: റിയാദ് വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു

റിയാദ്: സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങളാൽ റിയാദ്​ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വിമാന സർവിസുകൾ വ്യാപകമായി തടസ്സപ്പെടുന്നു. ചില സർവിസുകൾ റദ്ദാക്കുകയും മറ്റ്​ ചിലത്​ വൈകുകയും ചെയ്യുന്നു. ഇന്ധന വിതരണ സംവിധാനത്തിലെ അറ്റകുറ്റപ്പണികളും മറ്റ് വിമാനത്താവളങ്ങളിൽനിന്നുള്ള വിമാനങ്ങൾ റിയാദിലേക്ക് വഴിതിരിച്ചുവിട്ടതും​ കാരണമുണ്ടായ അധിക തിരക്കുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ ഈ സാഹചര്യങ്ങൾ വിമാനങ്ങളുടെ സമയക്രമത്തെ കാര്യമായി ബാധിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ വിവിധ ഏജൻസികളുമായി ചേർന്ന് അതോറിറ്റി ശ്രമിച്ചുവരികയാണെന്നും വിമാനത്താവള വക്താവ് വ്യക്തമാക്കി. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട്, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രതിസന്ധിയെത്തുടർന്ന് സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) ഫ്ലൈ അദീലും തങ്ങളുടെ നിരവധി സർവിസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കിയത് മൂലം ബുക്കിങ്ങിൽ മാറ്റം വരുത്തേണ്ടി വരുന്ന യാത്രക്കാരിൽനിന്ന് അധിക ഫീസുകൾ ഈടാക്കില്ലെന്ന് സൗദിയ അറിയിച്ചു. ബാധിക്കപ്പെട്ട യാത്രക്കാരെ ഇ-മെയിൽ, എസ്.എം.എസ് വഴി നേരിട്ട് വിവരങ്ങൾ അറിയിക്കുന്നുണ്ടെന്ന് ഫ്ലൈ അദീലും വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം നിയന്ത്രണവിധേയമാക്കാൻ വിമാനത്താവള കമ്പനിയുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണെന്ന് വിമാന കമ്പനികൾ അറിയിച്ചു.

വെള്ളിയാഴ്​ച രാവിലെ 11.30ക്ക്​ പോകേണ്ട സൗദി എയർലൈൻസ്​ (എസ്​.വി. 774) വിമാനത്തിൽ കൊച്ചിയിലേക്ക്​ പോകേണ്ട ആലുവ സ്വദേശി ജോമോനും കുടുംബവും റിയാദ്​ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്​. വിമാനം എപ്പോൾ പുറപ്പെടുമെന്ന്​ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന്​ ജോമോൻ സ്​റ്റീഫൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ആദ്യം ഉച്ചകഴിഞ്ഞ്​ മൂന്നിന്​ പുറപ്പെടും മുമ്പ് ടെർമിനലിലെ ഡിസ്​പ്ലേ​ സ്​ക്രീനിൽ കാണിച്ചെങ്കിലും പിന്നീടൊന്നുമുണ്ടായില്ല.

എന്നാൽ സൗദി എയർലൈൻസി​ന്റെ ധാക്ക, കെയ്​റോ, അമ്മാൻ, അബൂദബി സർവിസുകൾ റദ്ദാക്കിയതായി ഇപ്പോൾ ഡിസ്​പ്ലേ സ്​ക്രീനുകളിൽ കാണിക്കുന്നുണ്ട്​. എന്നാൽ കൊച്ചി വിമാനത്തെ കുറിച്ച്​ ഒരു വിവരവും കിട്ടിയി​ട്ടില്ലെന്നും ജോമോൻ പറഞ്ഞു. രാവിലെ ഒമ്പതിന്​ താനും കുടുംബവും വിമാനത്താവളത്തിൽ എത്തിയെന്നും ഉച്ചക്ക്​ ഒരു ജ്യൂസും വെള്ളവും ബണ്ണും ചോക്ലേറ്റും വിമാന അധികൃതർ നൽകിയെന്നും അതി​ന്റെ ബലത്തിലാണ്​ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Maintenance and congestion: Flights are delayed at Riyadh Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.