ലുലു ഹൈപ്പർമാർക്കറ്റും ഇരുഹറം ജനറൽ അതോറിറ്റിക്കും വേണ്ടി ജനറൽ അതോറിറ്റി ഷെയേർഡ് സർവിസസ് സെക്ടർ വൈസ് പ്രസിഡൻറ് അയ്മാൻ ബിൻ അബ്ദുറഹ്മാൻ അൽ ജുനെയ്ദിയും ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസും കരാറിൽ ഒപ്പുവെച്ചപ്പോൾ
റിയാദ്: മക്ക, മദീന ഇരുഹറം പരിപാലന ജനറൽ അതോറിറ്റിയുമായി കരാറിലേർപ്പെട്ട് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ്. അതോറിറ്റിക്ക് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ലുലു സ്റ്റോറുകളിൽ പ്രത്യേക ഇളവുകൾ നൽകുന്നതിനുള്ള കരാറാണിത്. ജനറൽ അതോറിറ്റി ഷെയേർഡ് സർവിസസ് സെക്ടർ വൈസ് പ്രസിഡൻറ് അയ്മാൻ ബിൻ അബ്ദുറഹ്മാൻ അൽ ജുനെയ്ദിയും ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസുമാണ് കരാറിൽ ഒപ്പുവെച്ചത്. അതോറിറ്റി ഇന്റേണൽ കമ്യൂണിക്കേഷൻസ് പ്രതിനിധികളായ അഹമ്മദ് ബിൻ സൽമാൻ അൽ ഹസ്മി, ഹോസം ബിൻ വഹീദ് മോർസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മക്കയിലെ ലുലു അൽ റുസെയ്ഫ ഹൈപ്പർമാർക്കറ്റ്, ലുലു ജബൽ ഒമർ, മദീനയിലെ ലുലു അൽമനാഖ അടക്കം സൗദിയിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും അതോറിറ്റി ജീവനക്കാർക്ക് ഷോപ്പിങ് ഇളവുകൾ ഇതോടെ ലഭ്യമാകും. ഇരു ഹറമുകളിലുമെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് എല്ലാ സഹായങ്ങളും ഒരുക്കുന്ന അതോറിറ്റി ജീവനക്കാരോടുള്ള ലുലുവിന്റെ അടിയുറച്ച പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് കരാർ.
സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ജനറൽ അതോറിറ്റിയാണ് ഇരുഹറമുകളുടെ സംരക്ഷണം, ദൈനംദിന പ്രവർത്തനം, തീർഥാടകരുടെ സൗകര്യങ്ങൾ എന്നിവക്ക് മേൽനോട്ടം വഹിക്കുന്നത്. അതോറിറ്റിയുടെ നേതൃത്വത്തിൽ ഏറ്റവും ഉന്നത നിലവാരത്തിലുള്ള സേവനങ്ങളാണ് തീർഥാടകർക്ക് നൽകി വരുന്നത്. തീർഥാടകരുടെ തിരക്ക് നിയന്ത്രണം, ഹറമുകളിലെ ശുചീകരണം, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഭാഷാ സംബന്ധമായ സഹായം, മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമുള്ള സംവിധാനങ്ങൾ ഒരുക്കൽ, സംസം വെള്ളം വിതരണം, കുട്ടികൾക്ക് കരുതലൊരുക്കൽ, യാത്ര സംവിധാനങ്ങൾക്ക് ഡിജിറ്റൽ സാങ്കേതിക സഹായം നൽകുക എന്നിവ അടക്കം നിരവധി കാര്യങ്ങളാണ് ജനറൽ അതോറിറ്റി കൈകാര്യം ചെയ്യുന്നത്.
സർക്കാർ സംവിധാനങ്ങളുടെയും വളൻറിയർമാരുടെയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ ജീവനക്കാർ നിർവഹിക്കുന്നത്. സൗദിയിൽ കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോറുകൾ തുറന്ന് ഷോപ്പിങ് സംവിധാനങ്ങൾ വിപുലമാക്കാനൊരുങ്ങുകയാണ് ലുലു. മക്കയിലും, മദീനയിലുമായി വൈകാതെ നാല് പുതിയ ഔട്ട്ലെറ്റുകൾ തുറക്കുമെന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.