ജിദ്ദ: റെൻറ് എ കാർ മേഖലയിലെ സ്വദേശിവത്കരണം ഉറപ്പുവരുത്താൻ മേഖല തൊഴിൽ കാര്യ ഒാഫീസുകൾ പരിശോധന തുടങ്ങി. ഞായറാഴ്ച മുതലാണ് രാജ്യ വ്യാപകമായി റെൻറ് എ കാർ മേഖലയിലെ സ്വദേശീവത്കരണം പ്രാബല്യത്തിൽ വന്നത്. ഗതാഗതം, പൊലീസ്, വാണിജ്യം വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന.
ആദ്യ ദിവസം തന്നെ നിരവധി സ്ഥാപനങ്ങളിൽ തൊഴിൽ, ഗതാഗത കാര്യാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായും അൽഖോബാറിൽ രണ്ട് നിയമലംഘനങ്ങൾ പിടികൂടിയതായും റിപ്പോർട്ടുണ്ട്. ഒരോ മേഖലയിലും പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബീശയിൽ ആദ്യ ദിവസം 20 ഒാളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
യാമ്പുവിലും റെൻറ് എ കാർ സ്ഥാപനങ്ങളിൽ ഇന്നലെ മിന്നൽ പരിശോധന നടന്നു. യാമ്പു വിമാനത്താവളം, സനാഇയ, അൽബലദ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ചില സ്ഥാപനങ്ങൾ സ്വദേശിവത്കരണ നിയമം ലംഘിച്ചതായും ചിലത് പരിശോധനയിൽ രക്ഷപ്പെടാൻ അടച്ചിട്ടതായും കണ്ടെത്തി. വരും ദിവസങ്ങളിൽ പരിശോധന ഉൗർജിതമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം, റെൻറ് എ കാർ മേഖലയിലെ സ്വദേശീവത്കരണം 21,000 സ്വദേശികൾക്ക് തൊഴിലവസരം ഒരുക്കുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.