റിയാദ്: ആശ്രിത വിസക്ക് സൗദി അറേബ്യ ലെവി ചുമത്തുകയും നിരക്ക് വർഷാവർഷം വർധിപ്പിക്കുകയും ചെയ്തതോടെ തിരിച്ചുപോയ പ്രവാസി കുടുംബങ്ങളിലധികവും സന്ദർശക വിസയിൽ തിരിച്ചെത്തുന്നു. സന്ദർശക വിസ ഫീസ് കുറച്ചതിന് ശേഷം സ്റ്റാമ്പിങ്ങിനെത്തുന്ന പാസ്പോർട്ടുകളുടെ എണ്ണം അഞ്ചിരട്ടി വർധിച്ചെന്ന് ഇന്ത്യയിലെ ട്രാവൽ ഏജൻസി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. 2017 ജൂലൈയിൽ പ്രതിമാസ ആശ്രിത ലെവി നടപ്പായത് മുതലാണ് വിദേശി കുടുംബങ്ങൾ മടങ്ങാൻ തുടങ്ങിയത്. ഇൗ വർഷം ഫീസ് വീണ്ടും കൂടിയതോടെ നിൽക്കകള്ളിയില്ലാതായി ഭൂരിപക്ഷത്തിനും. സ്കൂൾ അവധിക്കാലമെത്താനുള്ള കാത്തുനിൽപായിരുന്നു. ജൂണിൽ അവധി തുടങ്ങിയപ്പോഴേക്കും മിക്കവരും കുട്ടികളുടെ ടി.സിയും വാങ്ങി നാട്ടിലേക്ക് മടങ്ങി.
അതിന് തൊട്ടുമുമ്പാണ് സന്ദർശക വിസയുടെ ഫീസ് കുത്തനെ കുറച്ചെന്ന സന്തോഷവാർത്ത എത്തിയത്. മേയ് രണ്ട് മുതൽ ഫീസിളവ് നടപ്പായി. നിരാശയുടെ ഇരുട്ടിൽ കുടുംബങ്ങൾക്കത് പ്രത്യാശയുടെ വെളിച്ചമായി. തിരിച്ചെത്താൻ വഴി തെളിഞ്ഞല്ലോ എന്ന ആശ്വാസവുമായാണ് പലരും മടങ്ങിയത്. ഗൾഫ് നാടുകളിലെ സ്വദേശിവത്കരണം മൂലം വിദേശ റിക്രൂട്ടിങ് കുറഞ്ഞ് മാന്ദ്യത്തിലായ ട്രാവൽ ഏജൻസികൾക്കും അതുണർവേകുന്നതായിരുന്നു. ഇപ്പോൾ ഏജൻസികളിലെത്തുന്ന പാസ്പോർട്ടുകളിൽ അധികവും സന്ദർശക വിസാ സ്റ്റാമ്പിങ്ങിനുവേണ്ടിയുള്ളതാണെന്ന് വെളിപ്പെടുത്തുന്നതും ആ രംഗത്തുള്ളവർ തന്നെയാണ്.
2016 ആഗസ്റ്റിൽ ഫീസ് കുത്തനെ കൂട്ടിയ ശേഷം സന്ദർശക വിസാ സ്റ്റാമ്പിങ് 20 ശതമാനമായി കുറഞ്ഞിരുന്നു. അതാണിപ്പോൾ അഞ്ചിരട്ടിയായി വർധിച്ചത്. ആദ്യകാലത്ത് പാസ്പോർട്ട് ഒന്നിന് 6,000 രൂപയായിരുന്നു വിസ സ്റ്റാമ്പിങ് ചെലവ്. സ്റ്റാമ്പ് ഫീ 200 റിയാലിൽ നിന്ന് 2,000 ആയി ഉയർത്തിയപ്പോൾ ഇൻഷുറൻസും സർവീസ് ചാർജുമടക്കം അത് ഇന്ത്യയിൽ 42,000 രൂപയായി കുത്തനെയുയർന്നു. അതോടെ സന്ദർശക വിസയെ ആളുകൾ അവഗണിച്ചു. ഇപ്പോൾ 9,500 രൂപയായി കുറഞ്ഞതാണ് വീണ്ടും ആളുകളെ അതിലേക്കാകർഷിക്കുന്നത്. ഒരു തവണ വന്നാൽ ആറുമാസം വരെ നിൽക്കാം. വീണ്ടും വിസയെടുത്ത് വന്ന് ആറുമാസം കൂടി നിന്നാലും സ്ഥിരം കുടുംബ വിസക്ക് ചുമത്തിയ ലെവിയുമായി താരതമ്യം ചെയ്യുേമ്പാൾ ലാഭകരം സന്ദർശക വിസയാണ്.
സ്കൂൾ അവധിക്കാലം കഴിയുന്ന സെപ്റ്റംബറോടെ അധികം പേരും ഇൗ രീതിയിൽ തിരിച്ചെത്തും. അതിനുമുന്നോടിയായുള്ള തിരക്കാണ് ട്രാവൽ ഏജൻസികളിൽ അനുഭവപ്പെടുന്നത്. വിമാന കമ്പനികൾക്കും സൗദിയിലെ വാണിജ്യ സ്ഥാപനങ്ങൾക്കുമെല്ലാം ഗുണകരമാണ് വിദേശി ആശ്രിതരുടെ ഇൗ രീതിയിലുള്ള വരവുപോക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.