സൗദിയിലെ ഖൈസുമ വിമാനത്താവളം വഴി കുവൈത്തി​ന്‍റെ സർവിസുകൾ ആരംഭിക്കുന്നു

റിയാദ്​: മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾക്കിടയിലും വിമാനയാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയിലെ ഹഫർ അൽ ബാത്വിനിലുള്ള ഖൈസുമ വിമാനത്താവളം വഴി കുവൈത്തിൽ നിന്നുള്ള ജസീറ എയർവേയ്‌സി​െൻറ സർവിസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 29 മുതൽ പാകിസ്​താനിലെ ലാഹോറിലേക്കും 31 മുതൽ ദുബൈയിലേക്കും സർവീസുകൾ ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു.

ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് ദുബൈയിലേക്ക് സർവീസ് നടത്തുക. കുവൈത്തിൽ നിന്നുള്ള യാത്രക്കാരെ റോഡ് മാർഗം സൗദിയിലെ ഖൈസുമ വിമാനത്താവളത്തിൽ എത്തിക്കുകയും, അവിടെ നിന്ന് വിമാനമാർഗം ദുബൈയിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന വ്യോമയാന ഹബ്ബായ ദുബൈയിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നത് അന്താരാഷ്​ട്ര യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

‘ദുബൈ സർവീസ് പുനരാരംഭിക്കുന്നത് വെറുമൊരു റൂട്ട് തുറക്കലല്ല, മറിച്ച് ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ലോകത്തിലേക്കുള്ള ഒരു സുപ്രധാന കവാടം വീണ്ടും തുറക്കുകയാണ്. നിലവിലെ വെല്ലുവിളികൾക്കിടയിലും സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം -ജസീറ എയർവേയ്‌സ് സി.ഇ.ഒ പ്രഥൻ പശുപതി.

ലാഹോറിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ വീതം ആരംഭിക്കും. മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സൗദി, കുവൈത്ത്​ അധികൃതരുടെ പ്രത്യേക അനുമതിയോടെയാണ് ഈ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ കുവൈത്തിൽ നിന്ന് ഖൈസുമ വിമാനത്താവളത്തിലേക്ക് റോഡ് മാർഗം യാത്ര ചെയ്യണം.

നിലവിൽ 20-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ജസീറ എയർവേയ്‌സ്, കുവൈത്തിലെ സ്വദേശികൾക്കും താമസക്കാർക്കും യാത്ര തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻഗണന നൽകുന്നതായി പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Kuwaiti services begin via Saudi Arabia's Qaisumah Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.