ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ

അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഈ മാസം സൗദിയോട്​ വിടപറയും; നാളെ റിയാദിൽ പ്രവാസി സമൂഹത്തി​െൻറ യാത്രയയപ്പ്

റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി ഇന്ത്യൻ സമൂഹം ഊഷ്മളമായ യാത്രയയപ്പ് നൽകുന്നു. ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാത്രി എട്ടിന് റിയാദ് ഒലയ അൽ ഖസർ ബിൽഡിങ്ങിലെ ഹോളിഡേ ഇൻ ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ പ്രവാസി സാമൂഹിക പ്രവർത്തകരും പ്രതിനിധികളും ഈ യാത്രയയപ്പ് ചടങ്ങിൽ പങ്കാളികളാകും.

ഇന്ത്യൻ വിദേശകാര്യ സർവീസിലെ 1997 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. സുഹേൽ അജാസ് ഖാൻ 2023 ജനുവരി 16-നാണ് സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. പ്രവാസി സമൂഹത്തി​െൻറ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ജനപ്രിയനായ ഈ നയതന്ത്രജ്ഞൻ ഈ മാസം അവസാനത്തോടെ റിയാദിനോട് വിടപറയും. നിലവിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറായ വിപുലാണ് സൗദിയിൽ അദ്ദേഹത്തി​െൻറ പിൻഗാമി. പുതിയ അംബാസഡർ ആഗസ്​റ്റ്​ പകുതിയോടെ റിയാദിൽ ചുമതലയേൽക്കും.

മികച്ച നയതന്ത്ര പരിചയവും ഭരണപാടവവും

ആഗോളതലത്തിൽ 29 വർഷത്തെ നയതന്ത്ര പരിചയസമ്പത്തുള്ള ഡോ. സുഹേൽ അജാസ് ഖാൻ, എം.ജി.എം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷമാണ് സിവിൽ സർവീസിലെത്തുന്നത്. കെയ്‌റോയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബിയിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നേടി.

1999-ൽ കെയ്‌റോയിലെ ഇന്ത്യൻ എംബസിയിലായിരുന്നു ആദ്യ നിയമനം. തുടർന്ന് സിറിയൻ എംബസിയിൽ അഡ്മിനിസ്ട്രേഷൻ, മീഡിയ, പൊളിറ്റിക്കൽ വിഭാഗങ്ങളും (2002–2005), ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസലായി ഹജ്ജ് കാര്യങ്ങളുടെ മേൽനോട്ടവും (2005–2008) നിർവഹിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ 'വെസ്റ്റ് ഏഷ്യ നോർത്ത് ആഫ്രിക്ക' ഡെപ്യൂട്ടി സെക്രട്ടറി (2008–2009), ഇസ്ലാമാബാദിൽ വിസ, കോൺസുലാർ വിഭാഗങ്ങളുടെ ചുമതലക്കാരൻ (2009–2011) എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വേദികളിലെ ശ്രദ്ധേയ സാന്നിധ്യം

2011 മുതൽ 2013 വരെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസിൽ ഡയറക്ടറായിരുന്ന അദ്ദേഹം, മന്ത്രിയുടെ യു.എൻ സുരക്ഷാ സമിതി യോഗം ഉൾപ്പെടെയുള്ള നിരവധി വിദേശ സന്ദർശനങ്ങളിൽ ഒപ്പമുണ്ടായിരുന്നു. തുടർന്ന് വിയന്നയിലെ ഇന്ത്യൻ എംബസിയിലും യു.എൻ പ്രതിനിധി സംഘത്തിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി പ്രവർത്തിച്ചു.

2013 മുതൽ 2017 വരെ ആണവോർജ ഏജൻസി, യൂനിഡോ, യുൻകോപോസ്​ യോഗങ്ങളിൽ ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്നു. കൂടാതെ, ആണവോർജ ഏജൻസി പ്രോഗ്രാം ആൻഡ് ബജറ്റ് കമ്മിറ്റി റിപ്പോർട്ടർ (2015), ജി-77 രാജ്യങ്ങളുടെ കോഓഡിനേറ്റർ, യൂനിഡോ സ്​റ്റാഫ് പെൻഷൻ കമ്മിറ്റിയിലെ ഗവേണിങ് ബോഡി പ്രതിനിധി (2016–2017) എന്നീ പദവികളും അലങ്കരിച്ചു. 2014-ൽ വിയന്ന ആണവായുധ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച അദ്ദേഹം, യു.എൻ പെൻഷൻ ബോർഡിലും അംഗമായിരുന്നു.

സൗദിയിലും ലെബനനിലും കൈമുദ്ര പതിപ്പിച്ച സേവനങ്ങൾ

സൗദി പ്രവാസികൾക്ക് പ്രിയങ്കരനായ ഡോ. സുഹേൽ, 2017 മുതൽ 2019 വരെ റിയാദിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി പ്രവർത്തിച്ചു. ഈ സമയത്താണ് 'ജനദ്രിയ' പൈതൃകോത്സവത്തിന്റെ ചീഫ് ലൈസൺ ഓഫീസറായത്. 2019 മുതൽ 2023 വരെ ലെബനനിലെ ഇന്ത്യൻ അംബാസഡറായി മികച്ച ഉഭയകക്ഷി വാണിജ്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2023 ജനുവരിയിൽ റിയാദിൽ തിരിച്ചെത്തി സൗദിയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു. ഒപ്പം യെമനിലെ അംബാസഡറുടെ അധിക ചുമതലയും നിർവഹിച്ചു. പ്രവാസി ക്ഷേമത്തിനായി നിലകൊണ്ട അദ്ദേഹത്തിന് ഊഷ്മളമായ വിടചൊല്ലാനൊരുങ്ങുകയാണ് റിയാദിലെ പ്രവാസി സമൂഹം.

Tags:    
News Summary - Ambassador Dr. Suhel Ajaz Khan will bid farewell to Saudi Arabia this month; the expatriate community's farewell event will be held in Riyadh tomorrow.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.