ഫുട്ബാൾ ലോകകപ്പ് എന്നും വിസ്മയങ്ങളുടെയും അപ്രതീക്ഷിത സംഭവങ്ങളുടെയും കളിത്തട്ടാണ്. എന്നാൽ 2026-ലെ ലോകകപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക തികച്ചും വ്യത്യസ്തമായ ഒരു കാരണത്താലാകും, ‘അട്ടിമറികളുടെ ലോകകപ്പ്’ എന്ന പേരിൽ. കിരീടം നേടുമെന്ന് ആരാധകരും ഫുട്ബാൾ പണ്ഡിറ്റുകളും ഒരുപോലെ ഉറപ്പിച്ചു വിശ്വസിച്ചിരുന്ന വമ്പൻ ശക്തികൾ പലരും ക്വാർട്ടർ ഫൈനൽ പോലും കാണാതെ പുറത്താകുന്ന അവിശ്വസനീയമായ കാഴ്ചയ്ക്കാണ് കായികലോകം സാക്ഷ്യം വഹിച്ചത്. ലോക ഫുട്ബാളിലെ പുതിയ ശക്തിസമവാക്യങ്ങളുടെ ഉദയം കൂടിയായി ഈ ലോകകപ്പ് മാറിക്കഴിഞ്ഞു.
പ്രതീക്ഷകളുടെ കൊടുമുടിയുമായി എത്തിയ ബ്രസീലിെൻറ പുറത്താകലായിരുന്നു ഈ ടൂർണമെൻറിലെ ഏറ്റവും വലിയ ആഘാതം. അച്ചടക്കത്തോടെയും മികച്ച കൂട്ടായ്മയോടെയും കളംനിറഞ്ഞ നോർവെയ്ക്ക് മുന്നിൽ കാനറികൾക്ക് കാലിടറി. ഡച്ചു ഫുട്ബാളിെൻറ വശ്യതയുമായെത്തിയ നെതർലൻഡ്സിനെ മൊറോക്കോ അട്ടിമറിച്ചപ്പോൾ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കിരീടപ്രതീക്ഷയോടെയെത്തിയ മുൻ ചാമ്പ്യന്മാരായ ജർമ്മനിയുടെ പതനവും വിശ്വസിക്കാൻ പ്രയാസമുള്ളതായിരുന്നു. കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് സ്വിറ്റ്സർലൻഡ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തതും ഇതേ അട്ടിമറി പരമ്പരയുടെ ഭാഗമായി.
ബ്രസീൽ, ജർമനി, നെതർലാൻഡ്സ്, പോർച്ചുഗൽ തുടങ്ങിയ വൻശക്തികൾ ക്വാർട്ടറിന് മുമ്പേ പെട്ടിമടക്കിയപ്പോൾ മൊറോക്കോ, നോർവേ, സ്വിറ്റ്സർലൻഡ്, ഈജിപ്ത്, കേപ് വർദ്ദേ തുടങ്ങിയ ടീമുകൾ മൈതാനത്ത് പുതിയ ചരിത്രമാണ് എഴുതിച്ചേർത്തത്. ലോക ഫുട്ബാൾ എന്നാൽ യൂറോപ്പിനെയും ദക്ഷിണ അമേരിക്കയെയും മാത്രം ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്നും ആഫ്രിക്കൻ ടീമുകളുടെ തന്ത്രപരമായ പുരോഗതി വൻതോതിൽ വർധിച്ചുവെന്നും ഈ ലോകകപ്പ് തെളിയിക്കുന്നു.
മൊറോക്കോ, ഈജിപ്ത്, ഡി.ആർ. കോംഗോ, കേപ് വർദ്ദേ തുടങ്ങിയ രാജ്യങ്ങൾ ലോക വേദിയിലെ പരമ്പരാഗത ശക്തികളെ വെല്ലുവിളിക്കാൻ കെൽപ്പുള്ളവരാണെന്ന് ഈ ടൂർണമെൻറിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു.
രണ്ടാം സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ മാത്രം ബാക്കിനിൽക്കെ ആര് 2062-ലെ ലോകകപ്പ് കിരീടത്തിൽ മുത്തമിടുമെന്നറിയാൻ ഇനി ഒന്ന് രണ്ട് രാപ്പകലുകളുടെ ദൂരം മാത്രം. വമ്പന്മാർ നേർക്കുനേർ വരുമ്പോൾ കളിയിലെ പ്രവചനങ്ങൾക്കെല്ലാം അപ്പുറമാണ് കാര്യങ്ങൾ.
കളി നിയന്ത്രിക്കാനും ഗോളുകൾ സൃഷ്ടിക്കാനും ഏത് അസന്നിഗ്ദ്ധ ഘട്ടത്തിലും പതറാതെ മുന്നിൽനിന്ന് നയിക്കാനും അസാധാരണ കഴിവുള്ള ലയണൽ മെസ്സിയെന്ന മാന്ത്രിക നായകനാണ് അർജൻറീനയുടെ കരുത്ത്. ഒപ്പം ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, ലൗട്ടാരോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേരോ, മാക് അലിസ്റ്റർ, നിക്കോളാസ് ഗോൺസാലസ് എന്നിവരടങ്ങിയ നിരയും ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ എമിലിയാനോ മാർട്ടിനെസും ചേരുമ്പോൾ അർജൻറീന കിരീട ഫേവറിറ്റുകളാകുന്നത് സ്വാഭാവികം മാത്രം.
യുവത്വവും അനുഭവസമ്പത്തും ഒത്തുചേർന്ന ഇംഗ്ലണ്ട് ഈ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ടീമുകളിൽ ഒന്നാണ്. ടീമിെൻറ നായകനും പ്രധാന സ്ട്രൈക്കറുമായ ഹാരി കെയ്ൻ, സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, ഡിക്ലൻ റൈസ്, ഫിൽ ഫോഡൻ എന്നിവർക്കൊപ്പം വിശ്വസ്തനായ ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് കൂടിയാകുമ്പോൾ ഇംഗ്ലീഷ് നിര അതിശക്തമാണ്.
ലാമിൻ യമാൽ എന്ന ലോകോത്തര അറ്റാക്കിങ് കളിക്കാരനാണ് സ്പാനിഷ് നിരയിലെ പ്രധാന ആകർഷണം. ഒപ്പം പെഡ്രി, റോഡ്രി, നിക്കോ വില്യംസ്, ഡാനി ഓൾമോ, ഫാബിയൻ റൂയിസ് എന്നിവരും ഗോൾ വഴങ്ങാൻ മടിക്കുന്ന അവരുടെ കാവലാൾ ഉനായ് സിമോണും ചേരുമ്പോൾ ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ നിരയായി സ്പെയിൻ മാറുന്നു.
പ്രവചനങ്ങൾ തെറ്റിക്കുകയും പുതിയ നായകന്മാരെയും കഥകളെയും സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഫുട്ബാളിെൻറ യഥാർത്ഥ സൗന്ദര്യം. എംബാപ്പയുടെ ഫ്രഞ്ച് പടയെ വല തൊടാൻ സമ്മതിക്കാതെ തുരത്തി സ്പാനിഷ് ചുവപ്പ് പട ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞിരിക്കേ രണ്ടാം സെമി ഫൈനലിൽ പോരടിക്കുന്ന ഇംഗ്ലണ്ട്, അർജൻറീന എന്നിവരിൽനിന്ന് ആരാകും കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടുകയെന്നും ആര് സ്വർണക്കപ്പിൽ മുത്തമിടുമെന്നുമുള്ള ആകാംക്ഷയിലാണ് കായികലോകം. എന്തായാലും ഈ കുറിപ്പ് വെളിച്ചം കാണുേമ്പാഴേക്കും ഫൈനൽ ചിത്രം വ്യക്തമായിട്ടുണ്ടാവും! ഇനി കലാശപ്പോരിനായി കാത്തിരിക്കാം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.