കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുടെ ആദര ഫലകം റിയാദിലെ കേളി കലാസാംസ്‌കാരിക വേദിക്ക് വേണ്ടി ഡോ. രാജാറാം കിഴക്കേകണ്ടിയിൽനിന്ന് ഹസൻ കോയ പാറോപ്പടി ഏറ്റുവാങ്ങുന്നു
റിയാദ്: കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് ചേവായൂർ ഡെർമറ്റോളജി ആശുപത്രിയിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് റിയാദിലെ കേളി കലാസാംസ്‌കാരിക വേദിക്ക് ആശുപത്രി അധികൃതരുടെ ആദരം. കേളിയുടെ 11ാം സമ്മേളനത്തിൽ പ്രഖ്യാപിച്ച ‘ഹൃദയപൂർവം കേളി’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഈ അംഗീകാരം തേടിയെത്തിയത്.
പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ അന്തേവാസികൾക്കായി ഭക്ഷണം തയാറാക്കുന്ന പാചകക്കാരന്റെ ശമ്പളം തുടർച്ചയായി മൂന്ന് വർഷമായി കേളിയാണ് നൽകുന്നത്. ‘സ്‌നേഹ സ്പർശം’ എന്ന വാട്‌സ്ആപ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളെയും പൊതുസമൂഹത്തെയും പങ്കാളികളാക്കിയാണ് ഈ സഹായധനം കണ്ടെത്തുന്നത്.
കുഷ്ഠരോഗ നിർമാർജന വാർഷികാചരണമായ ‘സ്പർശം 2026’നോട് അനുബന്ധിച്ച് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കേളിക്കുള്ള ആദരം കൈമാറിയത്. സീനിയർ ഡോക്ടർ ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ നിന്നും കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസ്സൻ കോയ പാറോപ്പടി ഫലകം ഏറ്റുവാങ്ങി.
ആശുപത്രി സൂപ്രണ്ട് അനൂപ് ബാലഗോപാലൻ, നഴ്സിങ് സൂപ്രണ്ട് ലീജ എസ്. ലാൽ, സ്റ്റോർ സൂപ്രണ്ട് രജിത് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അശരണർക്ക് താങ്ങായി നിന്നുകൊണ്ട് ഒരു ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്ത പദ്ധതിയാണ് ‘ഹൃദയപൂർവം കേളി’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.