സൗമ്യ മേനോൻ
കിനാവിെൻറ ഒരൊറ്റ മരക്കൊമ്പിൽ
പടർന്നുകയറിയ ആകാശ മുല്ലകൾ...
ഒരിക്കൽ പോലും
ഇറുത്തു മാറ്റാത്ത പിച്ചിപ്പൂക്കൾ...
കഥകൾ പറയുവാനെത്തുന്ന
നാലുമണിപ്പൂക്കൾ...
അന്നൊരു നാൾ താരകം താഴെ വന്നതും
മഴവില്ല് തീർത്ത മഞ്ചലിൽ
ദൂരെ മഞ്ചാടി മലകൾ താണ്ടിയതും
സ്വർണ നൂലുകൾ വിരിച്ചൊരു വീഥിയിൽ
കുഞ്ഞെന്നപോൽ ഓടിക്കളിച്ചതും
ഒടുവിൽ കണ്ണ് തുറന്നനാൾ
കണ്ണുനിറച്ചതെല്ലാം മാഞ്ഞകന്നതും
ഇവരെല്ലാമിന്നെെൻറ,
വർത്തമാനകാല നിമിഷങ്ങളിൽ!
കുടവയർ- ചെറുകഥ
ജെർസൻ സെബാസ്റ്റ്യൻ
അയാൾക്ക് വയറുണ്ടായിരുന്നു. ചിലർ അതിനെ കുടവയർ എന്ന് വിളിച്ചു. ഒരു പ്രായംവരെ അയാൾ അതിനെ കാര്യമാക്കിയില്ല. പിന്നെപ്പിന്നെ മിക്കപ്പോഴും വാർത്തകൾ അയാളെ തേടിയെത്തി. സമപ്രായക്കാരായ ചിലർക്ക് പൊടുന്നനെ ഹാർട്ട് അറ്റാക്ക് വന്നു മരിക്കുന്നു. ഇരിക്കുന്ന ഇരിപ്പിൽ കുഴഞ്ഞുവീഴുന്നു.
മൂന്നാലു മക്കൾ ഇപ്പോഴും പഠിക്കുന്ന പ്രായം. ഗൾഫിലെ സ്കൂളിലാണ് പഠനം. ഒരു പ്രായം വരെ ഈ വയറിനു മുകളിൽ ഇരുത്തിയാണ് മക്കളെ വളർത്തിയതെന്നാണ് കളിയാക്കുന്നവർക്കുള്ള അയാളുടെ മറുപടി. എങ്കിലും ഈയിടെയായി സ്വന്തം വയറിലേക്ക് അയാൾ ഇടക്കിടെ നോക്കാറുണ്ട്. കൂടെ വളർത്തിയ മക്കളും പരിഹാസത്തോടെ നോക്കാറുണ്ട്. ഫാമിലി പാക്കിനു വേണ്ടി ഓടി സിക്സ് പാക്ക് ഇല്ലാത്ത അപ്പനെ നോക്കി മക്കൾ ഇളിക്കുന്നുണ്ടായിരുന്നു.
ബലൂണിലേക്ക് കാറ്റ് നിറയുന്നതുപോലെ വയർ വലുതാകുന്നുണ്ടോ? അങ്ങനെയിരിക്കുേമ്പാൾ ഒരിക്കൽ ഒരു കൂട്ടുകാരനെ പരിചയപ്പെടുന്നു; ഒരു ജിമ്മൻ. വാ തുറന്നാൽ ജിമ്മിെൻറ വിശേഷങ്ങൾ മാത്രം പറയുന്ന ഒരുത്തൻ. കക്ഷി ശുദ്ധനാണ്. പക്ഷേ, ആരോഗ്യകാര്യങ്ങൾ മാത്രം വാചാലനായിപ്പറയുന്ന ഒരുവൻ. അവൻ പറഞ്ഞിട്ട് ജിമ്മിൽ ജോയിൻ ചെയ്തു. ദേഹം മുഴുവൻ എന്തൊരു വേദന. സാരമില്ല, പൈസ കൊടുത്തതല്ലേ വേദന സഹിച്ചു പോയേക്കാം. ആറു മാസം മുടക്കമില്ലാതെ പോയി. അത് കഴിഞ്ഞു റമദാൻ നോമ്പുകാലം വന്നു. സാമൂഹിക ബന്ധങ്ങൾ കൂടുതലായതിനാൽ എല്ലാ ദിവസവും നോമ്പ് തുറ കാണും. വീണ്ടും വയർ വലുതാകാൻ തുടങ്ങി. ജിമ്മിൽ പോക്കും മുടങ്ങി.
ഇരിക്കുന്ന ഇരിപ്പിൽ കുഴഞ്ഞുവീഴുന്ന വാർത്തകൾ ഇൻസ്റ്റയിലും എഫ്.ബിയിലും അയാളെ വീണ്ടും വേട്ടയാടിത്തുടങ്ങി. പിന്നൊരാളെ പരിചയപ്പെടുന്നു. നീന്തൽ നല്ല വ്യായാമം ആണ് എന്നൊരു നിർദേശം അയാളിൽനിന്നും കിട്ടുന്നു. പിന്നെ ഒന്ന് രണ്ടു മാസം നീന്തലോട് നീന്തലായിരുന്നു. അങ്ങനെയിരിക്കുേമ്പാൾ ഒരു മാസത്തെ വെക്കേഷന് നാട്ടിൽ പോകുന്നു. തിരികെ വീണ്ടും ഗൾഫിലെത്തുന്നു. നീന്തൽ മുടങ്ങി. കഷ്ടകാലത്തിന് ഭാര്യക്ക് ഒരു പുതിയ അസുഖം തുടങ്ങി. യൂട്യൂബിലെ കുക്കിങ് ചാനലുകൾ കണ്ട് പുതിയ പരീക്ഷണങ്ങൾ വീട്ടിൽത്തന്നെ പരീക്ഷിക്കുക. ബലിമൃഗമായി അയാളും.
വയർ വീണ്ടും വലുതായി. ഇടയ്ക്കിടെ ഗർഭം ധരിക്കുംപോലത്തെ ഒരു പ്രോസസ്. ഭക്ഷണം ഒരു നേരമാക്കിയാലോ എന്നായി. അപ്പൊ ദേ തലകറക്കം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, അൾസറിെൻറ ലക്ഷണങ്ങൾ, ക്ഷീണം. രണ്ടു നേരമാക്കി നോക്കി. അപ്പോഴും ഇമ്മാതിരി പ്രശ്നങ്ങൾ, വൈകുന്നേരം മധുമരമില്ലാത്ത ചായയും എണ്ണയില്ലാത്ത കടിയും ആക്കി.
ഒരു നേരം സാലഡ് ആക്കി. വൈകുന്നേരം ആകുമ്പോൾ നല്ല വിശപ്പ്, എന്ത് ചെയ്യും, ഇത്രയും വർഷം ശീലിച്ചതല്ലേ. പിന്നെ പഴയതു പോലെയായി. ആശാെൻറ വയറ് വീണ്ടും വളരാൻ തുടങ്ങി. വയറ് കൂടുമ്പോഴാണോ ഇനി ഇമ്മാതിരി ഹൃദയത്തിന് പ്രശ്നം വരുന്നത്? ആരോഗ്യ വിദഗ്ധർ എന്ത് പറയുന്നു എന്ന് നോക്കണമല്ലോ. അതാലോചിച്ചിട്ട് ഉറക്കമേ വരുന്നില്ല...
നടക്കാൻ പോകാമെന്ന് കരുതി. തണുപ്പ് കാലമല്ലേ. നടക്കുന്ന കൂട്ടത്തിൽ പാർക്കിലെ ഒരു പറ്റം മധ്യവയസ്കന്മാരുടെ കൂടെ നടന്നു. വാക്കിങ് അസോസിയേഷനിലെ മെംബർഷിപ് എടുത്തു. പിന്നെ തണുപ്പ് കൂടി. രാവിലെ എഴുന്നേൽക്കാൻ തോന്നാറില്ല. മൊബൈലിൽ രാവിലെ വാക്കിങ് അസോസിയേഷനിലെ പ്രസിഡൻറും ഭാരവാഹികളും മാറി മാറി വിളിക്കാറുണ്ട്. ഇവർക്കൊന്നും തണുപ്പും ഉറക്കവും ഒന്നുമില്ലേ!
വീണ്ടും വയർ വളർന്നു. ഇങ്ങനെ പോയാൽ വയറ് വളർത്തി എന്ന പേരെങ്ങാനും കിട്ടുമോ! തണുപ്പ് കാലമല്ലേ, വീണ്ടും ജിമ്മിൽ ജോയിൻ ചെയ്തു. നിർഭാഗ്യത്തിന് കാൽമുട്ട് വേദന തുടങ്ങി. ഡോക്ടറെ കാണിച്ചപ്പോൾ റെസ്റ്റ് എടുക്കാൻ പറഞ്ഞു. ജിം വീണ്ടും മുടങ്ങി. ആറു മാസത്തെ പൈസ ജിമ്മിൽ അഡ്വാൻസ് കൊടുത്തതും പോയിക്കിട്ടി.
വയർ വീണ്ടും വളർന്നു. ഇനി എന്തു ചെയ്യും. ആലോചിച്ച് കിടന്നു!
സമപ്രായക്കാരായ ചിലർക്ക് പൊടുന്നനെ ഹാർട്ട് അറ്റാക്ക് വന്നു മരിക്കുന്നു. ഇരിക്കുന്ന ഇരിപ്പിൽ കുഴഞ്ഞു വീഴുന്നു. ഇത്തരം വാർത്തകളുടെ കൂടെ ചേർത്തുവെക്കാൻ അയാൾക്ക് മനസ്സില്ല. അങ്ങനെ അയാൾ ഭക്ഷണം നിയന്ത്രിക്കാൻ ഡയറ്റ് എന്നയാളെ കൂട്ടു പിടിച്ചു. ചെറുതായി ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ ചെറിയ വ്യായാമവും ഭക്ഷണ നിയന്ത്രണവും സാമൂഹിക ജീവിതവും കുടുംബ ജീവിതവുമൊക്കെയായി കുറച്ചു വർഷങ്ങൾ കൂടി പ്രവാസം കഴിച്ചുകൂട്ടി...
വയർ കുറഞ്ഞുമില്ല കൂടിയുമില്ല, ദിനവും ഉള്ള അപ്രതീക്ഷിത വാർത്തകളുടെ കൂടെ ചേർത്തുവെക്കാൻ അയാൾക്ക് മനസ്സില്ല... അങ്ങനെ വാർത്തകളുടെ കൂടെ ചേരാനുള്ളതല്ല ജീവിതം. അത് പോരാടാനുള്ളതാണ്. മുന്നോട്ട് പോകാനുള്ളതാണ്.
വയർ മുന്നോട്ട് പോയാലും പിറകോട്ടു പോയാലും ജീവിതം അത് മുന്നോട്ടു തന്നെ തുഴഞ്ഞേ പറ്റൂ. യാത്ര തുടർന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.