റിയാദ്: കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റ്, ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രബജറ്റിനെതിരെയുള്ള കേരളമാതൃകയാണെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇന്ത്യയുടെ ഒരു സംസ്ഥനമാണെന്ന പരിഗണനപോലും നൽകാതെ കേരളത്തെ തീർത്തും അവഗണിച്ചപ്പോൾ, കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് ദുർബലവിഭാഗങ്ങളെയും പ്രവാസികളെയും ചേർത്തുപിടിക്കുന്നതായി മാറി.
ഇന്ത്യ അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വയനാട് ചൂരൽമല ഉരുൾപൊട്ടലിനെ കണ്ടില്ലെന്ന് നടിച്ച യൂനിയൻ സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. എന്നാൽ പൗരന്മാരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് കേരളസർക്കാർ പുനരധിവാസം ഉറപ്പുവരുത്താൻ 750 കോടി രൂപ വിലയിരുത്തി. ഡിജിറ്റൽ വിപ്ലവത്തിൽ കേരളത്തെ ആഗോളനേതൃനിരയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതായി വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി 517.64 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
പ്രവാസി ക്ഷേമത്തിനായി 178.81 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2024 ബജറ്റിൽ 156 കോടി വകയിരുത്തിയിരുന്നു. നോർക്കയുടെ വിവിധ പദ്ധതികൾക്കായി 150.81 രൂപയും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഇതിൽ 77.50 കോടി രൂപയും പുനരിവാസ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എമ്മിന് 25 കോടി രൂപയും പ്രത്യേകമായി മാറ്റിവെച്ചു. ബാക്കി തുക സാന്ത്വനപദ്ധതി അടക്കമുള്ള മറ്റു പദ്ധതികൾക്കായും വിനിയോഗിക്കുമെന്നും ബജറ്റിൽ പറയുന്നു. പ്രവാസി ക്ഷേമനിധിക്കായി 23 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഇത് പ്രവാസി പെൻഷനടക്കമുള്ള വിവിധ സഹായങ്ങൾക്കായി വിനിയോഗിക്കും.
പ്രവാസികൾക്ക് സ്വന്തമായുള്ള അടഞ്ഞുകിടക്കുന്ന പാർപ്പിടം വാടകക്ക് കൊടുക്കാൻ തയ്യാറാണെങ്കിൽ ടൂറിസം മേഖലയിൽ ഉപയോഗപ്പെടുത്താനും വരുമാനത്തോടൊപ്പം ഇത്തരം അടഞ്ഞുകിടക്കുന്ന വീടുകളുടെ പരിരക്ഷ ഉറപ്പുവരുത്താനുമാകും. ഇത്തരത്തിൽ പ്രവാസികളെ ചേർത്തുപിടിക്കുന്നതോടൊപ്പം നാടിന്റെ പുരോഗതിക്ക് അനുയോജ്യമായ ബജറ്റാണ് അവതിപ്പിച്ചിട്ടുള്ളതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.