ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വിദ്യാർഥികൾ അവതരിപ്പിച്ച പരിപാടി
ജിദ്ദ: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനത്തെ വർണാഭമായ പരിപാടികളൊരുക്കി വിപുലമായി ആഘോഷിച്ച് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ. കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ദേശീയ പതാക ഉയർത്തി.
കോൺസുൽ ജനറലിന്റെ മാതാവ്, ഭാര്യ ഫഹ്മിന ഖാത്തൂൻ, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഹേമലത മഹാലിംഗം, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് സ്കൂൾ ഉദ്യോഗസ്ഥർ, മുൻ കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിന് തിളക്കം നൽകി.
ബോയ്സ് സെക്ഷൻ സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ നടന്നത്. സമാധാനം, ഐക്യം, സ്വാതന്ത്ര്യം എന്നിവയുടെ പ്രതീകമായി കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഭാര്യ ഫഹ്മിന ഖാത്തൂൻ എന്നിവർ വെള്ള പ്രാവുകളെ ആകാശത്തേക്ക് പറത്തിവിട്ടു.
സ്കൂൾ ബാൻഡ് സംഘത്തിന്റെ നേതൃത്വത്തിൽ സീനിയർ വിദ്യാർഥികളുടെ വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് പരിപാടികൾ ആരംഭിച്ചത്. കോൺസുൽ ജനറൽ സല്യൂട്ട് സ്വീകരിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അദ്ദേഹം വായിച്ചു. തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്തു.
റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും ഇന്ത്യൻ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മൂല്യങ്ങളെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു.
മുഖ്യാതിഥിയുടെ വാക്കുകൾ വിദ്യാർഥികളെ രാജ്യത്തിന്റെ പുരോഗതിക്ക് ക്രിയാത്മകമായി സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.
കഴിഞ്ഞ അക്കാദമിക് വർഷം സി.ബി.എസ്.ഇ പരീക്ഷകളിൽ സൗദിയിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഷാസിയ പട്ടേൽ, മറിയം ജാവീദ് ഖലീൽ, തമന്ന അമീർ, ജയ്വൽ നിഷിത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികളായ അഹോൺ റോയ് ഹിന്ദിയിലും അക്ഷയ അനുപ് ഇംഗ്ലീഷിലും പ്രസംഗങ്ങൾ നടത്തി.
വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയെ ഭാഷ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിധ്യമാർന്ന നൂലുകൾ കൊണ്ട് നെയ്ത ഒരു തുണിയായി പ്രദർശിപ്പിക്കുന്ന 'ഭാരത് സംസ്കൃതി കി ധരോഹർ' എന്ന പരിപാടി ജൂനിയർ വിദ്യാർഥികൾ അവതരിപ്പിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരും നിസ്വാർത്ഥരുമായ വ്യക്തികളെ ആദരിക്കുന്നതിനായി സമർപ്പിച്ച '1857 മുതൽ 2025 വരെയുള്ള ഇന്ത്യ' എന്ന പ്രത്യേക പരിപാടി മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ 500ഓളം വിദ്യാർഥികൾ അവതരിപ്പിച്ചു സദസ്സിന്റെ കയ്യടി നേടി.
വിദ്യാർഥികളുടെ ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിരകളി, കോലാട്ടം, ഒഡീസി നൃത്തം, ദേശസ്നേഹ സമകാലിക നൃത്തം, ഗർബ നൃത്തം, വടക്കുകിഴക്കൻ പരമ്പരാഗത, ഗോത്ര നൃത്തം തുടങ്ങിയവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.