‘ഇത്റ വിൻറർ 2025’ സാംസ്കാരിക ഉത്സവങ്ങൾ ഈ മാസം 29 മുതൽ

അൽഖോബാർ: സൗദി അറാംകോയുടെ സംരംഭമായ കിങ് അബ്ദുൽഅസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ) ‘ഇത്റ വിൻറർ 2025’ പരിപാടികൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഖോബാർ സീസണുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ഒക്ടോബർ 29 മുതൽ 2026 ജനുവരി 31 വരെ സെന്ററിന്റെ വിവിധയിടങ്ങളിൽ നടക്കും. കല, പാരമ്പര്യ സംസ്‌കാരം, സിനിമ, ശിൽപകല, ഡിസൈൻ എന്നിവയെ ആസ്പദമാക്കിയുള്ള 130-ലധികം പരിപാടികളാണ് ഈ സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സീസണിന്റെ ഉദ്ഘാടനത്തോടനുന്ധിച്ച് ഒക്ടോബർ 29 മുതൽ നവംബർ ഒന്ന് വരെ ഇത്റ ഗാർഡൻസ് ദൃശ്യ-സംഗീത പ്രകടനങ്ങളാൽ പ്രകാശിതമാകും. ഇത്റ വിൻറർ പരിപാടികൾ സമൂഹത്തിൽ സ്ഥിരതയുള്ള പോസിറ്റീവ് സ്വാധീനം സൃഷ്ടിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണ്. ഖോബാർ സീസൺ 2025ന്റെ ഭാഗമായി നടക്കുന്ന പരിപാടികളുടെ ലക്ഷ്യം പൊതുജനങ്ങൾക്ക് ഗുണമേൻമയുള്ള അനുഭവങ്ങൾ നൽകലാണെന്ന് ഇത്റ ആക്ടിങ് ഡയറക്ടർ മുസഅബ് അൽസാരാൻ പറഞ്ഞു.

ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ഭാഗമായും, സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ പിന്തുടർന്നും ഇത്റ കേന്ദ്രത്തിൽ സാംസ്കാരിക ചലനങ്ങളെ ഉജ്ജ്വലമാക്കുന്ന പരിപാടികളാണ് നടക്കുക. ഭാവിയിലേക്കുള്ള സൃഷ്ടിപരമായ കാഴ്ചപ്പാടുകൾ ഉണർത്തുന്ന ഇന്ററാക്ടീവ് പരിപാടികളും സാംസ്കാരിക പ്രവർത്തനങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളവും അയൽ രാജ്യങ്ങളിലെയും കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഇത്റ ഒരു പ്രധാന സാംസ്കാരിക ഉത്സവ കേന്ദ്രമായി മാറും.

സീസണിലെ പ്രധാന ആകർഷണങ്ങളിൽ ചൈനീസ് ഓർക്കസ്ട്രയുടെ സംഗീത പ്രകടനങ്ങൾ, താരാബാൻഡ്, കുട്ടികളുടെ ഓർക്കസ്ട്ര, ലൈവ് മ്യൂസിക്കൽ ഷോകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ആർട്ടിസ്റ്റ് മാർക്കറ്റും ഡിസൈനേഴ്‌സ് മാർക്കറ്റും ഉൾപ്പെടുന്ന ‘വിൻറർ മാർക്കറ്റ്’ ഇത്റയുടെ മികവ് വർധിപ്പിക്കും. ‘

ഇത്റ കൾചറൽ ഡേസ് (സ്പെയിൻ)’ പരിപാടിയിലൂടെ സന്ദർശകർക്ക് സ്പെയിനിന്റെ പാരമ്പര്യവും കലാസാംസ്കാരിക വൈവിധ്യവും അനുഭവിക്കാം. ഈ പരിപാടിയിൽ നാടകങ്ങളും സംഗീതവും കാഴ്ചവെപ്പുകളും സ്പാനിഷ് കലാകാരന്മാരുടെ പങ്കാളിത്തവും ഉണ്ടാകും. ‘എൽ മെർകാഡോ’ എന്ന സ്പാനിഷ് മാർക്കറ്റ്, പഴയ സ്പെയിനിന്റെ വീഥികളും അടുക്കളകളും ആസ്പദമാക്കിയുള്ളതാണ്. കൂടാതെ, ഇത്റ ഒരുക്കുന്ന ഭക്ഷണ ശാലകൾ രുചിയെ സാംസ്കാരിക യാത്രയാക്കി മാറ്റും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.