റിയാദിലെത്തിയ തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നു
ഗസ്സയിൽനിന്ന് ഇസ്രായേൽ പിന്മാറണം; യമനിലും സുഡാനിലും ഐക്യം വേണം
റിയാദ്: ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിന്മാറണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും സൗദി അറേബ്യയും തുർക്കിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന്റെ റിയാദ് സന്ദർശന വേളയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഇരുരാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്.
ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നതാണ് ഒന്നാമത്തെ ആവശ്യം. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ രൂപവത്കരിച്ച ‘സമാധാന കൗൺസിലിൽ’ ഇരുരാജ്യങ്ങളും പങ്കാളികളാകാൻ തീരുമാനിച്ചു. മേഖലയുടെ ഭരണത്തിനായി സ്വതന്ത്ര ദേശീയ സമിതി രൂപീകരിക്കുന്നതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
യമനിലെ നിയമാനുസൃത സർക്കാറിന് ഇരുരാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും തകർക്കാനുള്ള ആഭ്യന്തര ശ്രമങ്ങളെ കർശനമായി നേരിടും. സുഡാനിലെ വിദേശ ആയുധങ്ങളുടെ ഒഴുക്ക് തടയണം. സമാന്തര ഭരണകൂടങ്ങളെ അംഗീകരിക്കില്ല. തീവ്രവാദ ബന്ധമില്ലാത്ത സിവിലിയൻ ഗവൺമന്റെ് നിലവിൽ വരണമെന്നും സുഡാനെ സംഘർഷവേദിയാക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
സാമ്പത്തിക-പ്രതിരോധ സഹകരണം
സൗദി-തുർക്കി ഏകോപന കൗൺസിൽ വഴി ബന്ധം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. പ്രധാനമായും താഴെ പറയുന്ന മേഖലകളിൽ സഹകരണം ഉറപ്പാക്കും:
1. സാങ്കേതികവിദ്യ: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ), ഡിജിറ്റൽ ഇക്കോണമി, ബഹിരാകാശ ഗവേഷണം എന്നിവയിലാണ് സഹകരണം
2. പ്രതിരോധം: ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകൾ വേഗത്തിൽ നടപ്പാക്കും.
3. വ്യാപാരം: എണ്ണയിതര വ്യാപാരം വർധിപ്പിക്കും. ബിസിനസ് കൗൺസിൽ വഴി നിക്ഷേപകർക്കും സ്വകാര്യ മേഖലക്കും കൂടുതൽ അവസരങ്ങൾ ഒരുക്കും.
4. മറ്റ് മേഖലകൾ: ഗതാഗതം, ലോജിസ്റ്റിക്സ്, സിവിൽ ഏവിയേഷൻ, ആരോഗ്യം എന്നീ രംഗങ്ങളിലും പൂർണമായ സഹകരണം.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന ഉറപ്പോടെയാണ് ഉർദുഗാന്റെ റിയാദ് സന്ദർശനം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.