അംബാസഡർ വിപുൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ ഔദ്യോഗികമായി ചുമതലയേൽക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ ഔദ്യോഗികമായി ചുമതലയേറ്റു. ചൊവ്വാഴ്ച റിയാദിലെത്തിയ അദ്ദേഹം, ബുധനാഴ്ച രാവിലെ റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് ചുമതലയേറ്റെടുത്തത്. ജൂലൈ 31-ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമനപത്രം സ്വീകരിച്ച ശേഷമാണ് അദ്ദേഹം സൗദിയിലെത്തുന്നത്.
ചുമതലയേറ്റ ശേഷം എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിലെത്തി ഉപചാരം അർപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ എല്ലാ മേഖലകളിലും സമഗ്രമായി ശക്തിപ്പെടുത്തുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 15-ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിപുൽ ദേശീയപതാക ഉയർത്തും. തുടർന്ന്, സൗദിയിലെ പ്രവാസി സമൂഹത്തെ അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിക്കും.
എംബസി അങ്കണത്തിലെ ഗാന്ധിപ്രതിമയിൽ ഉപചാരം അർപ്പിക്കുന്നു
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുലിന് നയതന്ത്ര രംഗത്ത് ദീർഘകാലത്തെ പരിചയസമ്പത്തുണ്ട്. മുൻപ് ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം കൈറോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ദുബായിൽ കോൺസൽ ജനറലായും വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് മേഖലയുടെ ജോയിന്റ് സെക്രട്ടറിയായും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച ശേഷമാണ് 2023-ൽ അദ്ദേഹം ഖത്തറിലെ അംബാസഡറാകുന്നത്.
മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള അദ്ദേഹം 1994-ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.