റിയാദ്: ഒരു ആവശ്യത്തിനും ഉപയോഗിക്കാതെ രാജ്യത്തെ ശൂന്യമായി കിടക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് നൽകിയിട്ടുള്ള തിരുത്തൽ കാലാവധി അവസാനിക്കാൻ ഇനി 45 ദിവസം മാത്രം ബാക്കിനിൽക്കെ, നിശ്ചിത സമയപരിധിക്കുള്ളിൽ ഭൂമിയുടെ സ്ഥിതി ക്രമീകരിക്കണമെന്ന് സൗദി മുൻസിപ്പൽ, ഭവന മന്ത്രാലയം നിർദേശിച്ചു. 2026 സെപ്റ്റംബർ 26 നാണ് നിലവിലെ കാലാവധി അവസാനിക്കുന്നതെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
അംഗീകൃത നിബന്ധനകളും മുൻസിപ്പൽ ചട്ടങ്ങളും പാലിച്ച് ഉടമസ്ഥർ എത്രയും വേഗം ലംഘനങ്ങൾ പരിഹരിക്കണം. ശൂന്യമായ സ്ഥലങ്ങളിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, നഗരങ്ങളുടെയും ഗവർണറേറ്റുകളുടെയും സൗന്ദര്യത്തിന് തടസ്സം സൃഷ്ടിക്കുന്ന അനധികൃത പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. നിർമാണ അവശിഷ്ടങ്ങളും മണ്ണും നിക്ഷേപിക്കുക, സ്ഥലം നിയമാനുസൃതമല്ലാതെ ഉപയോഗിക്കുക തുടങ്ങിയ ലംഘനങ്ങൾ തടയുന്നതിൽ മന്ത്രാലയം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ വിവിധ മേഖലകളിലെ നഗരസഭകൾ ശൂന്യമായ ഭൂമികളിൽ കർശനമായ പരിശോധനകളും ഫീൽഡ് തല നിരീക്ഷണങ്ങളും നടത്തിവരികയാണ്.
മുൻസിപ്പൽ നിബന്ധനകൾ പ്രകാരം നിയമലംഘനങ്ങൾ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നത് വഴി നിയമവിധേയത്വം ഉറപ്പാക്കാനും കാഴ്ച വൈകല്യങ്ങൾ ഇല്ലാതാക്കാനും സാധിക്കും. ശൂന്യമായ സ്ഥലങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്നത് നഗര ഭംഗി കൂട്ടുന്നതിനും പരിസ്ഥിതി നിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമനടപടികളും പിഴകളും ഒഴിവാക്കുന്നതിനായി ഭൂവുടമകൾ അവശേഷിക്കുന്ന സമയം പ്രയോജനപ്പെടുത്തി ഭൂമിയുടെ സ്ഥിതി ക്രമീകരിക്കണമെന്ന് അധികൃതർ ആവർത്തിച്ച് അഭ്യർത്ഥിച്ചു.
സുസ്ഥിര നഗരവികസനവും ഉയർന്ന ജീവിതനിലവാരവും സാധ്യമാക്കുന്നതിനായി സൗദിയിലെ എല്ലാ പ്രദേശങ്ങളിലും നഗര സൗന്ദര്യവൽക്കരണ പദ്ധതികളും വിവിധ മുൻകൈകളും മുനിസിപ്പാലിറ്റികൾ വഴി തുടർന്നും നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.