കേളി ജോയിൻറ് ട്രഷറർ സിംനേഷ് വയനാൻ, ആശ്രയ ചെയർമാൻ ഒവി മുഹമ്മദ് മുസ്തഫയ്ക്ക് ധാരണാപത്രം കൈമാറുന്നു
റിയാദ്: തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കേളി കലാസാംസ്കാരിക വേദി വീണ്ടും സഹായഹസ്തവുമായി രംഗത്തെത്തി. തുടർച്ചയായ മൂന്നാം വർഷമാണ് കേളി ആശ്രയയ്ക്ക് ഈ പിന്തുണ നൽകുന്നത്.
ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേളി ജോയിൻറ് ട്രഷറർ സിംനേഷ് വയനാൻ മൂന്നാം വർഷത്തേക്കുള്ള സഹായധനം ആശ്രയ ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫക്ക് കൈമാറി.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിെൻറ പിന്തുണ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് കേളി സഹായം തുടരുന്നത്.
വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ട് വർഷവും ഭക്ഷണച്ചെലവിനാവശ്യമായ തുക കേളി നേരത്തെ ആശ്രയയ്ക്ക് നൽകിയിരുന്നു. ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഒലയ്യ ഏരിയാ സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ട് ചാലി, ആശ്രയ വർക്കിങ് ചെയർമാനും കേരള നിയമസഭ മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ, ആശ്രയ സെക്രട്ടറി കെ. അച്ചുതൻ, എസ്.കെ. അർജുൻ, വിജയൻ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്ഷീന തുടങ്ങിയവർ പങ്കെടുത്തു.
മലബാർ കാൻസർ സെൻററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരായ രോഗികൾക്കും അവരോടൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കും താമസിച്ച് ചികിത്സ തുടരുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണെൻറ നേതൃത്വത്തിലാണ് ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്.
ചികിത്സയുടെ ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ഈ സ്ഥാപനം ഒരുക്കുന്നത്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ചികിത്സാ കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ ആശ്രയ സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.