റിയാദ്: റസ്റ്റോറൻറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങളും ഭക്ഷ്യസുരക്ഷാ വീഴ്ചകളും കൃത്യമായി രേഖപ്പെടുത്തുന്നതിന് പരിശോധനയ്ക്കിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് ‘ബോഡി കാമറ’കൾ നിർബന്ധമാക്കുന്നു. സ്മാർട്ട് നിരീക്ഷണ സംവിധാനത്തിെൻറ ഭാഗമായി, ഉദ്യോഗസ്ഥർ ശരീരത്തിൽ ധരിക്കുന്ന പോർട്ടബിൾ കാമറകൾ ഉപയോഗിക്കുന്നതിന് സൗദി മുനിസിപ്പൽ മന്ത്രാലയം അംഗീകാരം നൽകി.
ദൃശ്യവും ശബ്ദവും ഒരുപോലെ പകർത്തി പരിശോധനകൾ തത്സമയം രേഖപ്പെടുത്താനും, ഇവ ‘മുംതസിൽ’ ആപ്പുമായി നേരിട്ട് ബന്ധിപ്പിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഫീൽഡ് പരിശോധനകളിൽ ഉയർന്ന സുതാര്യത ഉറപ്പാക്കാനും, ഉദ്യോഗസ്ഥരുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാനും ഇത് സഹായിക്കും.
പരാതികൾ വേഗത്തിൽ പരിഹരിക്കുക, പരിശോധകരുടെ പ്രകടനം മെച്ചപ്പെടുത്തുക, അംഗീകൃത നടപടിക്രമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കൂടുതൽ വിശ്വസനീയവും പ്രഫഷനലുമായ പരിശോധനാ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നടന്നുപോകുന്ന സമഗ്ര പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റികളും ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളും തമ്മിലുള്ള മികച്ച ഏകോപനത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനം. ഭക്ഷ്യസ്ഥാപനങ്ങളിലെ നിയമലംഘനങ്ങളോ പോരായ്മകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. ഇതിനുപുറമേ, ഭക്ഷ്യശാലകളുടെ ആരോഗ്യ മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ഫീൽഡ് നിരീക്ഷണത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലാക്കി വിതരണം വേഗത്തിലാക്കുക, ജീവനക്കാർക്ക് പരിശീലനം നൽകുക, ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ ആരോഗ്യവും ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ നടപടികളും മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.