മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസയും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ന്യൂഡൽഹിയിലെ ഇന്ത്യൻ ഇസ്‌ലാമിക് കൾച്ചറൽ സെൻററിലെ സ്വീകരണ പരിപാടിയിൽ
ജിദ്ദ/ന്യൂഡൽഹി: ഇന്ത്യൻ മുസ്‌ലിംകൾ സ്വന്തം ദേശീയതയിലും രാഷ്ട്ര ഭരണഘടനയിലും ഏറെ അഭിമാനിക്കുന്നവരാണെന്ന് മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ ക്ഷണം സ്വീകരിച്ച് ആറു ദിവസത്തെ ഔദ്യോഗിക പര്യടനത്തിന് ന്യൂഡൽഹിയിലെത്തിയ അദ്ദേഹം ഇന്ത്യൻ ഇസ്‌ലാമിക് കൾച്ചറൽ സെൻററിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ഇന്ത്യയെകുറിച്ച് വിവിധ തലങ്ങളിൽനിന്ന് താൻ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ത്യൻ സാംസ്‌കാരിക പൈതൃകവും ജ്ഞാനവും മനുഷ്യരാശിക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങൾക്കുമിടയിൽ സമാധാനപരമായി ഒരുമിച്ച് സൗഹാർദപൂർവം ജീവിക്കുക എന്ന പൊതുതാൽപര്യം ഫലപ്രദമായി നിലനിൽക്കേണ്ടതുണ്ട്. ഇന്ത്യയുടെ വൈവിധ്യങ്ങളും സംസ്‌കാരവും സഹവർത്തിത്വത്തിന് തടസ്സമില്ല എന്ന് പ്രായോഗികതലത്തിൽ കാണിച്ചു കൊടുത്തവരാണ് ഈ ജനതയാണെന്നും അത് ലോകത്തിന് മാതൃകയാണെന്നും അവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലിെൻറ സന്ദേശം ഏറെ ശ്രദ്ധേയവും കൃത്യവുമാണെന്നും ഇന്ത്യയിലെ സമൂഹം സൗഹാർദത്തോടെയാണ് ജീവിക്കുന്നതെന്നും പരിപാടിയിൽ പങ്കെടുത്ത അജിത് ഡോവൽ പറഞ്ഞു. ഞങ്ങൾ സമാധാനത്തോടെയാണ് രാജ്യത്ത് ജീവിക്കുന്നത്. മതസൗഹാർദത്തിനായുള്ള അശ്രാന്ത പരിശ്രമവും പരിഷ്‌കാരങ്ങളുടെ പാതയിൽ സ്ഥിരമായി നയിക്കാനുള്ള ധൈര്യവും ഞങ്ങൾക്കുണ്ട്. മുസ്‌ലാമിനെയും മാനവികതക്കുള്ള അതിെൻറ സംഭാവനയെയും നന്നായി മനസ്സിലാക്കുക വഴി തീവ്ര ചിന്താഗതികളെ തടയാനും സഹായിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യം എന്ന നിലയിൽ, മതപരവും വംശീയവും സാംസ്കാരികവുമായ സ്വത്വങ്ങൾ പരിഗണിച്ച് തന്നെ എല്ലാ പൗരന്മാർക്കും ഇടം നൽകുന്നതിൽ ഇന്ത്യ വിജയിച്ചിട്ടുണ്ടെന്നും ഡോവൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള ഇന്ത്യയിൽ ഇസ്‌ലാം അഭിമാനത്തിെൻറ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനിലെ (ഒ.ഐ.സി) 33 ലധികം അംഗരാജ്യങ്ങളുടെ ആകെ ജനസംഖ്യക്ക് ഏകദേശം തുല്യമാണ് ഇന്ത്യൻ മുസ്‌ലിം ജനസംഖ്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ ആശയങ്ങളും പലവിധ സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഇടപെടലുകളും സ്വാംശീകരണങ്ങളും ഉൾക്കൊള്ളാൻ രാജ്യം തയാറാണ്. ലോകമെമ്പാടുമുള്ള എല്ലാ മതങ്ങളിലുംപെട്ട പീഡിപ്പിക്കപ്പെട്ട ആളുകൾക്ക് ഒരു സങ്കേതമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും അജിത് ഡോവൽ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ മുൻ നീതിന്യായ മന്ത്രി കൂടിയായ അൽ ഈസ തിങ്കളാഴ്‌ചയാണ് ഇന്ത്യയിലെത്തിയത്. ഈ മാസം 15 വരെയാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള മുസ്‌ലിം വേൾഡ് ലീഗ് പ്രതിനിധി സംഘത്തിെൻറ ഇന്ത്യൻ സന്ദർശനം. രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ന്യൂനപക്ഷ മന്ത്രി സ്‌മൃതി ഇറാനി, മറ്റ് മന്ത്രിമാർ, പാർലമെൻറംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി സെക്രട്ടറി ജനറൽ കൂടിക്കാഴ്ച നടത്തും.
കൂടാതെ മത സാമുദായിക നേതാക്കളുടെയും അക്കാദമിക് വിദഗ്‌ധരുടെയും മാധ്യമ പ്രവർത്തകരുടെയും വിവിധ പരിപാടികളിൽ അൽ ഈസ സംസാരിക്കും. ഡൽഹി ജുമാമസ്ജിദിൽ പ്രഭാഷണം നടത്തുകയും പ്രാർഥനക്ക് നേതൃത്വം നൽകുകയും ചെയ്യും. ന്യൂഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.