1. പിടിയിലായ പ്രതി 2. കിഴക്കൻ പ്രവിശ്യയിൽ പിടികൂടിയ 8.45 ലക്ഷം ലഹരി ഗുളികകൾ
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഹാർഡ്ബോർഡ് പലകകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഭീമൻ മയക്കുമരുന്ന് ശേഖരം സുരക്ഷാസേന പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ കർശന പരിശോധനയിലാണ് 8,45,000 ലഹരി ഗുളികകൾ കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ നീക്കത്തിനൊടുവിൽ, ഈ ലഹരിമരുന്ന് ശേഖരം കൈപ്പറ്റാൻ ത്വാഇഫിൽ നിന്നെത്തിയ സൗദി പൗരനെ സംഭവസ്ഥലത്തു വെച്ച് തന്നെ അധികൃതർ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് സുരക്ഷാ ഏജൻസികൾ ഓർമിപ്പിച്ചു. ലഹരിമരുന്ന് കടത്തോ വിപണനവുമായി ബന്ധപ്പെട്ടോ ഉള്ള ഏതൊരു ചെറിയ വിവരവും സ്വദേശികളും പ്രവാസികളും ഉടനടി അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാ വിഭാഗം അഭ്യർഥിച്ചു.
വിവരങ്ങൾ കൈമാറാൻ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെടേണ്ടതാണ്. കൂടാതെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിെൻറ 995 എന്ന ഹെൽപ്ലൈൻ നമ്പറിലോ, 995@gdnc.gov.sa എന്ന ഇമെയിൽ വിലാസം വഴിയോ വിവരങ്ങൾ അറിയിക്കാം.
ഇങ്ങനെ വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, അവർക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും സുരക്ഷാ വകുപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.