റിയാദ്: സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യൂഷനിലെ വിവിധ ജുഡീഷ്യൽ പദവികളിലേക്ക് പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും അനുവദിച്ച് സൽമാൻ രാജാവ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. പ്രോസിക്യൂഷനിലെ ഒട്ടാകെ 87 പ്രമുഖ അംഗങ്ങൾക്കാണ് പുതിയ ഉത്തരവിെൻറ ആനുകൂല്യം ലഭിക്കുന്നത്.
ഇതിൽ 37 പേരെ ജുഡീഷ്യറിയുടെ വിവിധ തലങ്ങളിൽ പുതുതായി നിയമിച്ചപ്പോൾ, നിലവിൽ സേവനമനുഷ്ഠിക്കുന്ന 50 പേർക്ക് പദവികളിൽ സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. ഭരണകൂടത്തിെൻറ ഈ സുപ്രധാന തീരുമാനത്തിന് പിന്നാലെ, സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ചെയർമാനുമായ ഡോ. ഖാലിദ് അൽ യൂസഫ് കൃതജ്ഞത രേഖപ്പെടുത്തി.
പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിന് ഭരണനേതൃത്വം നിരന്തരം നൽകിവരുന്ന ഉദാരമായ പിന്തുണയും പ്രത്യേക പരിചരണവും, പ്രോസിക്യൂഷൻ സംവിധാനത്തെ കൂടുതൽ ശക്തമാക്കാനും ഈ രംഗത്തെ മികച്ച പ്രതിഭകളെ വാർത്തെടുക്കാനുമുള്ള ദീർഘവീക്ഷണത്തിെൻറ പ്രതിഫലനമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഭരണകൂടം തങ്ങളിൽ അർപ്പിച്ചിരിക്കുന്ന ഈ വലിയ സവിശേഷ വിശ്വാസം പബ്ലിക് പ്രോസിക്യൂഷനിലെ ജീവനക്കാർക്കെല്ലാം വലിയ അഭിമാനവും ആത്മവിശ്വാസവുമാണ് നൽകുന്നതെന്ന് ഡോ. ഖാലിദ് അൽ യൂസഫ് എടുത്തുപറഞ്ഞു. രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും നീതി പൂർണമായി നടപ്പാക്കുന്നതിനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും പ്രവർത്തന നിലവാരം ഉയർത്താനും പുതിയ ഉത്തരവ് ഉദ്യോഗസ്ഥർക്ക് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.