റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി വിജയകരമായി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി ഇന്ത്യൻ സമൂഹം ഊഷ്മളമായ യാത്രയയപ്പ് നൽകി. ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദ് ഒലയയിലെ ഹോളിഡേ ഇൻ അൽ ഖസർ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് പ്രൗഢോജ്ജ്വലമായ ഈ ചടങ്ങ് സംഘടിപ്പിച്ചത്.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ പ്രവാസി സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളും ചടങ്ങിൽ പങ്കാളികളാവുകയും അംബാസഡറെ ആദരിക്കുകയും ചെയ്തു. യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. താൻ രാജ്യത്തിന് നൽകിയ സമർപ്പിത സേവനങ്ങളെ അർഹമായ രീതിയിൽ സ്വീകരിച്ച പ്രവാസി സമൂഹത്തോട് അദ്ദേഹം കൃതജ്ഞത അറിയിച്ചു.
ഓൾ ഇന്ത്യൻ സ്റ്റീയറിങ് കമ്മിറ്റിയുടെ ആദര ഫലകം അംബാസഡർക്ക് സമ്മാനിക്കുന്നു
സൗദിയിലെ ഇന്ത്യൻ സമൂഹത്തിെൻറ സന്നദ്ധസേവന മനോഭാവത്തെയും ഇന്ത്യൻ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി അവർ നടത്തുന്ന നിരന്തര ശ്രമങ്ങളെയും അദ്ദേഹം ഏറെ പ്രശംസിച്ചു. ഇന്ത്യ-സൗദി അറേബ്യ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ പ്രവാസി സമൂഹം നൽകുന്ന സംഭാവനകൾ വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിൽ ഇന്ത്യൻ ബിസിനസ്സ് സമൂഹം വഹിക്കുന്ന സുപ്രധാന പങ്കിനെയും അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി. വരും നാളുകളിലും തികഞ്ഞ പ്രതിബദ്ധതയോടും സമർപ്പണത്തോടും കൂടി പ്രവാസി സമൂഹത്തിനായി ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സദസ്
ചടങ്ങിൽ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, സ്റ്റീയറിങ് കമ്മിറ്റിയംഗങ്ങളായ ശിഹാബ് കൊട്ടുകാട്, നിയാസ് അഹമ്മദ്, മിസ്ബാഹുൽ ആരിഫീൻ, കെ.എം. കനകലാൽ, മുഹമ്മദ് മുബീൻ, റെവേൽ ആൻറണി, മുഹമ്മദ് ജബ്ബാർ, ഗുലാം ഖാൻ, സന്തോഷ് ഷെട്ടി, അൻവർ ഖുർഷിദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൺവീനർ മുഹമ്മദ് സൈഗം ഖാൻ സ്വാഗതവും അബ്ദുൽ അഹദ് സിദ്ദീഖി നന്ദിയും രേഖപ്പെടുത്തി. ഇനാമുള്ള ബേയ്ഗ് പരിപാടിയുടെ അവതാരകനായിരുന്നു. അംബാസഡറെ ആദരിക്കുന്നതിനായി വിവിധ വ്യക്തികളെയും സംഘടനാ പ്രതിനിധികളെയും അഹമ്മദ് ഇംതിയാസ്, സലീം മാഹി എന്നിവർ വേദിയിലേക്ക് ക്ഷണിച്ചു. വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെയാണ് യാത്രയയപ്പ് പരിപാടികൾ സമാപിച്ചത്.
1997 ബാച്ച് ഇന്ത്യൻ വിദേശകാര്യ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനായ ഡോ. സുഹേൽ അജാസ് ഖാൻ 2023 ജനുവരി 16-നാണ് സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. പ്രവാസി സമൂഹത്തിെൻറ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ജനപ്രിയനായ ഈ നയതന്ത്രജ്ഞൻ ഈ മാസം അവസാനത്തോടെ റിയാദിനോട് ഔദ്യോഗികമായി വിടപറയും. നിലവിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറായ വിപുലാണ് സൗദി അറേബ്യയിൽ ഡോ. സുഹേൽ അജാസ് ഖാെൻറ പിൻഗാമിയായി എത്തുന്നത്. പുതിയ അംബാസഡർ ആഗസ്റ്റ് പകുതിയോടെ റിയാദിൽ എത്തി ചുമതലയേൽക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.