ഗൾഫ് മേഖലയിലെ സ്കൂൾ അവധിക്കാലം അവസാനിക്കാറാകുമ്പോൾ പതിവുപോലെ പ്രവാസികളുടെ നെഞ്ചിൽ തീക്കനൽ കോരിയിടുകയാണ് വിമാനക്കമ്പനികൾ. കുടുംബസമേതം നാട്ടിലെത്തി മടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ മാസങ്ങളായുള്ള അധ്വാനത്തിെൻറ സമ്പാദ്യമാണ് അന്യായമായ നിരക്കുവർദ്ധനവിലൂടെ ഒരൊറ്റ യാത്രകൊണ്ട് വിമാനക്കമ്പനികൾ കവർന്നെടുക്കുന്നത്.
അവധിക്കാലത്തെ ഈ ഭീമമായ യാത്രാച്ചെലവ് കാരണം പല കുടുംബങ്ങൾക്കും ഒന്നുകിൽ യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വരുന്നു, അല്ലെങ്കിൽ മടക്കയാത്രയ്ക്കായി വലിയ കടക്കെണിയിലേക്ക് വീഴേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കോഴിക്കോട്, കണ്ണൂർ, നെടുമ്പാശ്ശേരി (കൊച്ചി), തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നെല്ലാം ഗൾഫ് രാജ്യങ്ങളിലേക്ക് നിലവിലുള്ള നിരക്കിെൻറ നാലിരട്ടിയിലധികമാണ് ഇപ്പോൾ ഈടാക്കുന്നത്.
ഇതിൽ മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ് വിമാനക്കമ്പനികൾ ഏറ്റവും വലിയ ചൂഷണം നടത്തുന്നത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ നിയന്ത്രണമുള്ള കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും, സർവീസുകൾ കുറവുള്ള കണ്ണൂരിൽ നിന്നും ടിക്കറ്റെടുക്കാൻ നോക്കുന്ന സാധാരണക്കാരന് കണ്ണീരൊഴുക്കേണ്ടി വരുന്നു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല.
നേരിട്ടുള്ള സർവിസുകൾക്ക് പുറമെ കണക്റ്റിങ് ഫ്ലൈറ്റുകൾക്ക് പോലും സാധാരണ നിരക്കിെൻറ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയത്ത് കൃത്യമായി ജോലിയിൽ പ്രവേശിക്കേണ്ട പ്രവാസികളുടെ നിർബന്ധിതാവസ്ഥയെയാണ് വിമാനക്കമ്പനികൾ ഇവിടെ ചൂഷണം ചെയ്യുന്നത്. സാധാരണ സമയങ്ങളിൽ 10,000 രൂപ മുതൽ 15,000 രൂപ വരെ ലഭ്യമായിരുന്ന വൺ-വേ ടിക്കറ്റുകൾക്കാണ് ഇപ്പോൾ അവധിക്കാല തിരക്ക് പ്രമാണിച്ച് 45,000 രൂപ മുതൽ 80,000 രൂപ വരെ ഈടാക്കുന്നത്. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് മടക്കയാത്രക്ക് മാത്രം ലക്ഷങ്ങൾ കണ്ടെത്തേണ്ടി വരുന്നു.
യു.എ.ഇ (ദുബൈ / ഷാർജ) മേഖലയിലേക്ക് സാധാരണ സമയങ്ങളിൽ 10,000 - 12,000 രൂപ മാത്രമുള്ള സ്ഥാനത്ത് ഇപ്പോൾ 40,000 മുതൽ 55,000 രൂപ വരെയാണ് ഈടാക്കുന്നത്. ഒമാനിലേക്ക് (മസ്കത്ത്) 11,000 - 13,000 രൂപക്ക് പകരം 45,000 - 50,000 രൂപയും, ഖത്തറിലേക്ക് (ദോഹ) 14,000 - 16,000 രൂപക്ക് പകരം 55,000 - 70,000 രൂപയും നൽകേണ്ടി വരുന്നു.
കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് 13,000 - 15,000 രൂപയുടെ ടിക്കറ്റുകൾക്ക് 50,000 മുതൽ 65,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. ഇതിലേറ്റവും വലിയ കൊള്ള നടക്കുന്നത് സൗദി അറേബ്യ (റിയാദ് / ജിദ്ദ) റൂട്ടിലാണ്. സാധാരണയായി 15,000 - 18,000 രൂപയുള്ള ടിക്കറ്റുകൾക്ക് ഇപ്പോൾ നാല് മുതൽ അഞ്ച് മടങ്ങ് വരെ വർദ്ധിപ്പിച്ച് 60,000 രൂപ മുതൽ 80,000 രൂപ വരെയാണ് പ്രവാസികളിൽ നിന്നും ഈടാക്കുന്നത്.
ഈ നിരക്ക് വർധനവിെൻറ ഏറ്റവും വലിയ അനീതി വ്യക്തമാകുന്നത് മറ്റ് അന്താരാഷ്ട്ര റൂട്ടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ്. ഇന്ത്യയിൽനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കോ അമേരിക്കയിലേക്കോ ഉള്ള ദീർഘദൂര സർവിസുകളിൽ ഇത്തരമൊരു ആനുപാതികമല്ലാത്ത നിരക്ക് വർധന ഈ വെക്കേഷൻ കാലത്ത് കാണാറില്ല. അവിടുത്തെ വിമാനക്കമ്പനികൾ കൃത്യമായ നിയമങ്ങൾ പാലിക്കുമ്പോൾ, ഗൾഫ് മേഖലയിലെ പ്രവാസികളെ മാത്രം എളുപ്പത്തിൽ ചൂഷണം ചെയ്യാവുന്ന ഒരു 'വരുമാന സ്രോതസ്സായി' വിമാനക്കമ്പനികൾ കാണുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിൽ വരുന്ന പാവപ്പെട്ട പ്രവാസിയുടെ പോക്കറ്റടിക്കുന്ന ഈ നയം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനിടയിൽ ചാർട്ടർ വിമാന സർവിസുകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ വെറും ജലരേഖയായി മാറുന്നതാണ് പ്രവാസികൾ എന്നും കാണുന്നത്.
രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളോട് കാണിക്കുന്ന ഈ ക്രൂരതക്ക് അറുതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിെൻറയും ശക്തമായ ഇടപെടൽ ഉണ്ടായേ തീരൂ.
തെരഞ്ഞെടുത്ത ജനപ്രതിനിധികളും എന്തിനും ഏതിനും നമ്മെ സമീപിക്കുന്ന രാഷ്ട്രീയ സാമൂഹിക മത നേതാക്കന്മാരും വെറും പ്രസ്താവനകളിൽ ഒതുക്കാതെ, പ്രവാസികൾക്ക് മാന്യമായി കിട്ടേണ്ട അവകാശങ്ങൾ നേടിത്തരാൻ തയാറാകേണ്ടതുണ്ട്. വിമാനക്കമ്പനികളുടെ ഈ സീസൺ കൊള്ളയും ‘ഡൈനാമിക് പ്രൈസിങ്’ എന്ന പ്രവാസവിരുദ്ധ നയവും നിയന്ത്രിക്കാൻ കൃത്യമായ നിരക്ക് പരിധി നിശ്ചയിക്കാൻ സർക്കാർ തയാറാകണം. അല്ലാത്തപക്ഷം, കേരളത്തിെൻറ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹം വലിയൊരു സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.