ജിദ്ദ: വന്യജീവി സംരക്ഷണത്തിനും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശാസ്ത്രീയ ഗവേഷണങ്ങളുടെ ഭാഗമായി അൽഉലയിൽ പ്രത്യേക പദ്ധതിക്ക് തുടക്കമായി. റോയൽ കമീഷൻ ഫോർ അൽഉല, കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമായി (കൗസ്റ്റ്) സഹകരിച്ചാണ് വംശനാശഭീഷണി നേരിടുന്ന ‘ലാപറ്റ്-ഫേസ്ഡ്’ ഇനത്തിൽപ്പെട്ട കഴുകന്മാരെ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്ന പ്രോഗ്രാം ആരംഭിച്ചത്.
നവീന സാങ്കേതികവിദ്യകളും പാരിസ്ഥിതിക ഡാറ്റാ വിശകലനവും പ്രയോജനപ്പെടുത്തി, ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ സംരക്ഷിത പ്രദേശങ്ങളുടെ സുസ്ഥിരമായ ദീർഘകാല മാനേജ്മെന്റ് തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് കൗസ്റ്റുമായുള്ള ഈ സംയുക്ത ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
അൽഉല മേഖലയിൽ സജീവമായ ഒരു കഴുകൻകൂട് കണ്ടെത്തുകയും, അത് നേരിട്ട് നിരീക്ഷിച്ച് ആവശ്യമായ വെറ്ററിനറി പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് അതിലെ ഒരു കഴുകനിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചത്. ലാപറ്റ്-ഫേസ്ഡ് കഴുകന്മാരുടെ ചലനങ്ങൾ, പെരുമാറ്റരീതികൾ എന്നിവയെക്കുറിച്ചുള്ള ഫീൽഡ് വിവരങ്ങൾ ശേഖരിക്കുക, അവയുടെ പ്രധാന വാസസ്ഥലങ്ങൾ, പാരിസ്ഥിതിക ആവശ്യങ്ങൾ, സഞ്ചാരപാതകൾ എന്നിവ തിരിച്ചറിയുക, അവ നേരിടുന്ന സാധ്യതയുള്ള അപകടമേഖലകൾ നിരീക്ഷിക്കുക എന്നിവയാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇത് വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ പിന്തുണയാകും. ഫീൽഡ് മോണിറ്ററിങ് ഫലങ്ങൾ പ്രകാരം 20 നും 30 നും ഇടയിൽ ലാപറ്റ്-ഫേസ്ഡ് കഴുകന്മാരെ അൽഉലയിൽ പതിവായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സൗദി അറേബ്യയിലാകെയുള്ള ഈ ഇനം കഴുകന്മാരുടെ എണ്ണത്തിെൻറ 2.5 ശതമാനത്തോളം വരും. നിലവിലെ പ്രജനന കാലയളവിൽ ഈ പ്രദേശത്ത് ഇത്തരത്തിലുള്ള നാല് ജോഡി കഴുകന്മാരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു ജോഡിയിലെ കഴുകനിലാണ് ഇപ്പോൾ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിൽ കാണപ്പെടുന്ന ഏറ്റവും വലിയ കഴുകൻ ഇനങ്ങളിൽ ഒന്നായ ലാപറ്റ്-ഫേസ്ഡ് കഴുകനുകളെ ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിെൻറ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പാരിസ്ഥിതിക വ്യവസ്ഥയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന പ്രധാന ജീവിവർഗങ്ങളിൽ ഒന്നാണിവ.
ചത്ത ജീവികളുടെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു നീക്കം ചെയ്യുന്നതിലും, പോഷകങ്ങൾ പുനരുൽപ്പാദിപ്പിക്കുന്നതിലും, പ്രകൃതിയുടെ സമതുലിതാവസ്ഥ നിലനിർത്തുന്നതിലും കഴുകന്മാർ നിർണായക പങ്കാണ് വഹിക്കുന്നത്. ഈ പദ്ധതിയിലൂടെ ലഭ്യമാകുന്ന കൃത്യമായ വിവരങ്ങൾ കഴുകന്മാരുടെ കൂടു കൂട്ടുന്ന സ്ഥലങ്ങൾ, ഭക്ഷണ സ്രോതസ്സുകൾ, സഞ്ചാരപാതകൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്ക് സഹായകരമാകും. ഒപ്പം അൽഉലയിലെ സംരക്ഷിത പ്രദേശങ്ങളുടെ ദീർഘകാല മാനേജ്മെൻറ് പ്ലാനിങിന് ഇത് ശക്തമായ അടിത്തറയേകുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.