മക്ക: ഹജ്ജ് തീർഥാടകർക്ക് ഏറ്റവും ഉയർന്ന മുനിസിപ്പൽ സേവനങ്ങൾ നൽകുന്നതിന് മക്ക മുനിസിപ്പാലിറ്റി ഒരുങ്ങി. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മനുഷ്യവിഭവശേഷി, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ കഴിവുകളും ഉപയോഗിച്ച് സാധ്യമായ സേവനങ്ങൾ നൽകുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റർമാർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, പരിശീലനം ലഭിച്ച തൊഴിലാളികൾ എന്നിവരുൾപ്പെടെ 22,000 പേർ തീർഥാടകരുടെ സേവനത്തിനുണ്ടാകുമെന്ന് മക്ക മുനിസിപ്പാലിറ്റി വിശദീകരിച്ചു
താൽക്കാലിക ജോലിക്കാർക്കും ആരോഗ്യ നിരീക്ഷകർക്കും പുറമേയാണിത്. ഇതിൽ മുനിസിപ്പൽ ജീവനക്കാരുടെ എണ്ണം 3,048 ആണ്. സ്ഥാപനങ്ങളുടെയും അറവുശാലകളുടെ ഓപ്പറേഷൻ, മെയിന്റനൻസ്, ലൈറ്റിങ്, ക്ലീനിങ് എന്നിവക്കായി 2,600 പേർ സേവനത്തിനുണ്ടാകും. ക്ലീനിങ് ജോലികൾക്ക് വിവിധ കോൺട്രാക്റ്റിക് കമ്പനിക്ക് കീഴിൽ മക്കയിലും പുണ്യസ്ഥലങ്ങളിലുമായി 5,000 പേർ രംഗത്തുണ്ടാകും. കൂടാതെ 1,175 പരിസ്ഥിതി ശുചിത്വ കരാർ ജീവനക്കാർ, സ്കൗട്ടുകളിൽ നിന്നുള്ള 300 പേർ, 500 ഹെൽത്ത് മോണിറ്റർമാർ, 367 താൽക്കാലിക മോണിറ്റർമാർ, ഭക്ഷ്യ നിരീക്ഷകർ, മുനിസിപ്പാലിറ്റികളിൽ നിന്നുള്ള പ്രതിനിധികളായി 110 പേർ സേവനത്തിനുണ്ടാകും.
മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിൽ 28 സേവന കേന്ദ്രങ്ങൾ സേവനത്തിനായി ഒരുക്കും. മശാഇറിന്റെ മുഴുവൻ പ്രദേശവും കേന്ദ്രങ്ങൾ ഉൾക്കൊള്ളും. ഇവിടെങ്ങളിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്ലീനിങ് മേഖലയിൽ, കംപ്രസ്സറുകൾ, ഓട്ടോമാറ്റിക് വാക്വം, ബോബ് കാറ്റുകൾ തുടങ്ങിയ ഏറ്റവും പുതിയ മെക്കാനിസങ്ങളും ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ 24 മണിക്കൂറും ഷിഫ്റ്റ് സംവിധാനത്തിൽ ജോലിക്കാരുണ്ടാകും. മഴയോ തീപിടുത്തമോപോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്രത്യേക സംഘങ്ങളെയും ഒരുക്കിയിട്ടുണ്ട്. സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ നിരവധി നിരീക്ഷകരും സൂപ്പർവൈസർമാരുമുണ്ടാകും. അവശിഷ്ടങ്ങൾക്കായി 1135 ഇലക്ട്രിക് വേസ്റ്റ് കോംപാക്ടർ പെട്ടികൾ ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങൾ നീക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സ്ഥലങ്ങളിൽ താൽക്കാലികമായി സംഭരിക്കുന്നതിനായി 113 ഗ്രൗണ്ട് വേസ്റ്റ് വെയർഹൗസുകൾ ഉണ്ടാകും. കൂടാതെ ഒമ്പത് വലിയ കംപ്രസർ ട്രെയിലറുകൾ, നാല് ട്രാൻസിഷണൽ സ്റ്റേഷനുകൾ, വ്യത്യസ്ത വലുപ്പത്തിലുള്ള ഏകദേശം 87000 മാലിന്യപ്പെട്ടികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മാർക്കറ്റുകൾ, ഫുഡ് സ്റ്റോറുകൾ, റെസ്റ്റോറൻറുകൾ, കാറ്ററിങ്, ഫീൽഡ് മേൽനോട്ടം എന്നിവ നിരീക്ഷിക്കാൻ നിരവധി ടീമുകളെയും തയാറാക്കിയിട്ടുണ്ട്.
ഭക്ഷ്യസാമ്പിളുകൾ പരിശോധിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള കേന്ദ്ര ലബോറട്ടറി സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ആധുനിക മൊബൈൽ ലബോറട്ടറികളുണ്ടാകും.
മക്കയിലെയും പുണ്യ സ്ഥലങ്ങളിലെയും ഭക്ഷണശാലകൾ, ഭക്ഷ്യ വിതരണങ്ങൾ, സീസണൽ ടേബിളുകൾ എന്നിവ നിരീക്ഷിക്കുന്നതിന് ഫീൽഡ് വർക്ക് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. റോഡുകൾ, ലൈറ്റിങ് നെറ്റ്വർക്കുകൾ, തുരങ്ക ശൃംഖല, പാലങ്ങൾ, പൊതു വിശ്രമ മുറികൾ, മറ്റ് സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ എന്നിവ നിരീക്ഷിക്കുന്നതും പദ്ധതിയിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.