റിയാദ്: സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം, മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കാരണം മടക്കയാത്ര തടസ്സപ്പെട്ട വിദേശികൾക്കായി ആഭ്യന്തര മന്ത്രാലയം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 (1447 റമദാൻ എട്ട്) മുതൽ വിസ കാലാവധി അവസാനിച്ചവർക്ക് ഏപ്രിൽ 18 വരെ വിസ കാലാവധി ദീർഘിപ്പിക്കാം.
വിസിറ്റ് വിസകൾ (എല്ലാ വിഭാഗവും), ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ കൈവശമുള്ളവർക്ക് രണ്ട് രീതികളിലാണ് ഇളവ് ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി 25 മുതൽ കാലാവധി കഴിഞ്ഞ വിസകൾ, സ്പോൺസറുടെ അപേക്ഷ പ്രകാരം ഏപ്രിൽ 18 (1447 ദുൽ ഖഅദ് ഒന്ന്) വരെ ദീർഘിപ്പിക്കാൻ സാധിക്കും. ഇതിനായി ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി നിശ്ചിത ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
വിസ കാലാവധി കഴിഞ്ഞവർക്ക് വിസ ദീർഘിപ്പിക്കുകയോ, അധിക ഫീസോ പിഴയോ അടയ്ക്കുകയോ ചെയ്യാതെ തന്നെ സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി നേരിട്ട് സ്വദേശങ്ങളിലേക്ക് മടങ്ങാനാവും. ഈ ആനുകൂല്യം മുകളിൽ പറഞ്ഞ തീയതി മുതൽ വിസ കാലാവധി കഴിഞ്ഞവർക്ക് മാത്രമാണ് ലഭ്യമാകുക.
ഈ ആനുകൂല്യത്തിന് അർഹരായവർ 2026 ഏപ്രിൽ 18-ന് മുൻപായി രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങാത്തവർക്കെതിരെ രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.