ദമ്മാമിൽ അപായസാധ്യത ഒഴിവായി: ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ച് സിവിൽ ഡിഫൻസ്

ദമ്മാം: ദമ്മാം നഗരത്തിൽ നിലനിന്നിരുന്ന അപകടസാധ്യത പൂർണമായി ഒഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇന്ന് (ബുധനാഴ്ച) അറിയിച്ചു. സ്ഥിതിഗതികൾ സാധാരണനിലയിലായെങ്കിലും പൗരന്മാരും വിദേശികളും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കൂടാതെ, സംഭവസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും പൂർണമായും ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.

നേരത്തെ, അടിയന്തര സാഹചര്യങ്ങൾക്കായുള്ള ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി ദമ്മാം നഗരത്തിൽ സിവിൽ ഡിഫൻസ് മുൻകൂർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പൊതുജനങ്ങൾ പരിഭ്രാന്തി ഒഴിവാക്കി ശാന്തത പാലിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

അപകടസാധ്യത നിലനിന്നിരുന്ന സമയത്ത്, ജനങ്ങൾ ജനലുകളിൽ നിന്ന് അകന്ന് കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ മുറികളിലേക്ക് മാറേണമെന്നും പൂർണമായി അപായസാധ്യത ഒഴിയുന്നത് വരെ പുറത്തിറങ്ങരുതെന്നും നിർദേശിച്ചിരുന്നു.

കൂടാതെ, തുറസ്സായ സ്ഥലങ്ങൾ, ചില്ല് നിർമ്മിത ഭാഗങ്ങൾ, ബാൽക്കണികൾ, കെട്ടിടങ്ങളുടെ മുകൾത്തട്ടുകൾ എന്നിവിടങ്ങളിൽ നിൽക്കരുത്. പുറത്തുള്ളവർ സുരക്ഷിതമായ അടുത്തുള്ള കെട്ടിടങ്ങളിലേക്കോ ഉറപ്പുള്ള മറവുകളിലേക്കോ മാറാനും, അപകടമേഖലകളിൽ നിന്ന് വിട്ടുനിൽക്കാനും കർശന നിർദേശമുണ്ടായിരുന്നു.

വാഹനമോടിക്കുമ്പോഴാണ് സുരക്ഷാ സന്ദേശം ലഭിക്കുന്നതെങ്കിൽ, പാലങ്ങൾക്കും ഉയർന്ന കെട്ടിടങ്ങൾക്കും അകലെയായി റോഡരികിൽ വാഹനം നിർത്തിയിടണം. എന്തെങ്കിലും തരത്തിലുള്ള അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, സൗദിയിലെ മറ്റ് മേഖലകളിലുള്ളവർ 998 എന്ന നമ്പറിലും അടിയന്തര സേവനത്തിനായി ബന്ധപ്പെടേണ്ടതാണ്.

Tags:    
News Summary - Civil Defense lifts Dammam alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.