റിയാദ്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ പ്രാദേശിക അതിർത്തികൾ കടന്ന് അതിവേഗം വ്യാപിക്കുകയാണെന്നും, ഇത് ആഗോള സുരക്ഷയെയും ഊർജ വിപണിയെയും സാമ്പത്തിക വളർച്ചയെയും ഗുരുതരമായി ബാധിക്കുമെന്നും സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ മുന്നറിയിപ്പ് നൽകി.
പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ നയതന്ത്ര ചർച്ചകൾക്ക് മാത്രമാണ് മുൻഗണന നൽകേണ്ടതെന്നും സൈനിക ബലപ്രയോഗത്തിലൂടെ ശാശ്വതമായ സ്ഥിരത ഉറപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് റിസർച്ച് ഫോറത്തിൽ സംസാരിക്കവെയാണ് സൗദി അറേബ്യയുടെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
സംഘർഷങ്ങൾ താത്കാലികമായി അടക്കിനിർത്തുന്നതിന് പകരം അവയുടെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. പരസ്പരവിശ്വാസം വളർത്തുകയും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും വേണം. വിദേശ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ ഒഴിവാക്കൽ, നല്ല അയൽപക്ക ബന്ധം കാത്തുസൂക്ഷിക്കൽ, കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കൽ, അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായും പാലിക്കൽ എന്നിവയിലധിഷ്ഠിതമായ സുസ്ഥിര പ്രാദേശിക വ്യവസ്ഥിതി കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മറ്റ് രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്നതും അനാവശ്യമായി ഇടപെടുന്നതും ശക്തമായി തടയപ്പെടണമെന്നും, ഇത്തരം നടപടികൾക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധിനിവേശത്തിലും ആധിപത്യത്തിലും അധിഷ്ഠിതമായ നയങ്ങൾ കൂടുതൽ അസ്ഥിരതയ്ക്കും സുരക്ഷയില്ലായ്മയ്ക്കും മാത്രമേ വഴിതുറക്കൂ. ഇത് മേഖലയുടെ സമാധാനപരമായ നിലനിൽപ്പിനും സാമ്പത്തിക സമൃദ്ധിക്കും കടുത്ത ഭീഷണിയാണെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.