ഡ്രോണുകൾ ഉപയോഗിച്ച് ജിദ്ദയിൽ നടന്ന ആദ്യ ഡെലിവറി പരീക്ഷണം
ജിദ്ദ: സൗദിയിൽ ഡ്രോണുകൾ ഉപയോഗിച്ച് തപാൽ പാഴ്സലുകൾ എത്തിക്കുന്നതിനുള്ള ആദ്യ ഡെലിവറി പരീക്ഷണം നടന്നു. ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ അരാമെക്സ് ലോജിസ്റ്റിക് സ്ഥാപനത്തെ ജിദ്ദയിലെ ബലദ് ഡിസ്ട്രിക്റ്റിലെ നാഷനൽ കമേഴ്സ്യൽ ബാങ്കിന്റെ (എൻ.സി.ബി) ആസ്ഥാനവുമായി ബന്ധിപ്പിച്ചുകൊണ്ട് അരാമെക്സ് നടപ്പിലാക്കിയ ഡ്രോൺ ഡെലിവറി പരീക്ഷണം ഗതാഗത, ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹിന്റെ സാന്നിധ്യത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നടത്തിയത്. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി വികസിപ്പിച്ചത്.
ഡ്രോൺ ഡെലിവറി ഉപഭോക്താക്കൾക്കും സമൂഹത്തിനും ഒന്നിലധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതാണിത്. ഇത് നഗരങ്ങളിലോ വിദൂര പ്രദേശങ്ങളിലോ വേഗതയേറിയതും കാര്യക്ഷമവുമായ ഡെലിവറികൾ സാധ്യമാക്കുകയും വിശ്വസനീയവും മികച്ചതുമായ പരിഹാരങ്ങളിലൂടെ സൗദിയുടെ അഭിലാഷമായ പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു.
ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പാഴ്സലുകൾ എത്തിക്കുന്നതിനുള്ള പരീക്ഷണം തപാൽ പാഴ്സൽ മേഖലയിലെ ഒരു സുപ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ഗതാഗത ലോജിസ്റ്റിക് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് പറഞ്ഞു. ഈ നടപടി ഡെലിവറി സേവനങ്ങളുടെ വ്യാപ്തി വികസിപ്പിക്കുന്നതിനും ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് അനുസൃതമായി നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
തപാൽ, ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുക, ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുക, മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള സംവിധാനത്തിന്റെ കഴിവ് വർധിപ്പിക്കുക എന്നീ സൗദിയുടെ ലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഈ ശ്രമങ്ങൾ ഉൾപ്പെടുമെന്ന് അൽറുമൈഹ് വിശദീകരിച്ചു.
വേഗതയേറിയതും കൂടുതൽ സുസ്ഥിരവും നൂതനവുമായ ലോജിസ്റ്റിക് പരിഹാരങ്ങളിലേക്കുള്ള ചുവടുവെപ്പാണ് ഡ്രോൺ ഡെലിവറി പരീക്ഷണമെന്ന് വ്യോമയാന സുരക്ഷയുടെയും പരിസ്ഥിതി സുസ്ഥിരതയുടെയും എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സുലൈമാൻ അൽ മുഹൈമിദ് പറഞ്ഞു.
ഡ്രോണുകൾക്ക് ഉയർന്ന സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും അനുസരിച്ച് പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നതിനായി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിച്ച വിപുലമായ നിയന്ത്രണങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഈ പരീക്ഷണം ഉൾപ്പെടുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിൽ വ്യോമയാന, ലോജിസ്റ്റിക്സ് മേഖലകളിൽ നൂതനാശയങ്ങളുടെ പുതിയ ചക്രവാളങ്ങൾക്ക് ഇത് വഴിയൊരുക്കുന്നു. കൂടാതെ ഈ മേഖലയിലെ വികസനങ്ങളുമായി പൊരുത്തപ്പെടുന്ന ആധുനിക പ്രവർത്തന രീതികൾ നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് അൽമുഹൈമിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.