മക്ക: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഗൾഫ് രാജ്യങ്ങളിലെ (ജി.സി.സി) പൗരന്മാർക്ക് താമസമൊരുക്കാൻ മക്ക ചേംബർ ഓഫ് കൊമേഴ്‌സ്. സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരം 2,500 ഹോട്ടൽ മുറികളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളിൽ കഴിയുന്ന ജി.സി.സി പൗരന്മാർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങാൻ സാഹചര്യം ഒരുങ്ങുന്നത് വരെ അവർക്ക് മാന്യമായ താമസസൗകര്യവും ആതിഥ്യമര്യാദയും ഉറപ്പാക്കണമെന്ന ഭരണാധികാരിയുടെ ഉത്തരവിനെ തുടർന്നാണ് ഈ നടപടി.
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 2,500 മുറികളാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളതെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ഹോട്ടൽസ് ആൻഡ് ടൂറിസം കമ്മിറ്റി മേധാവി അബ്ദുൽ മുഹ്സിൻ അൽഅജ്‌ലാൻ അറിയിച്ചു. താമസത്തിന് പുറമെ, പൗരന്മാരുടെ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള മറ്റ് സഹായ സേവനങ്ങളും ലഭ്യമാക്കും. സൗദി അറേബ്യയുടെ വിശിഷ്ടമായ ആതിഥ്യമര്യാദയുടെ അംബാസഡർമാരാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.