റിയാദ്: സൗദി തലസ്ഥാന നഗരത്തെ ഇനി വെളിച്ചം പലവർണ ശോഭയണിയിക്കും ദിനങ്ങൾ. ‘നൂർ റിയാദ്’ അഞ്ചാമത് പതിപ്പിന് വ്യാഴാഴ്ച തുടക്കം കുറിക്കും. സർഗാത്മകതയും സമൂഹ ഇടപെടലും സമന്വയിപ്പിക്കുന്ന പ്രകാശപൂരിതമായ കലാസൃഷ്ടികളുടെ ചിത്രപ്പണികളാൽ നഗരത്തിെൻറ വിണ്ണും മണ്ണും പ്രകാശപൂരിതമാകും. ഡിസംബർ ആറ് വരെ നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ റിയാദ് മെട്രോ ലൈനുകൾ ഉൾപ്പെടെ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഏകദേശം 60 കലാസൃഷ്ടികൾ പ്രദർശിപ്പിക്കും.സൗദിയിലെയും വിദേശത്തെയും പ്രമുഖ കലാകാരന്മാർ ലൈറ്റുകളുടെ സഹായത്താൽ ഒരുക്കുന്ന പലതരം ആർട്ടിസ്റ്റിക് ഇൻസ്റ്റലേഷനുകളാണ് നഗരത്തിൽ നിറയുക. ഭൂപ്രകൃതിയെ പുനർനിർമിക്കുന്ന നൂതനമായ ലൈറ്റ് ഇൻസ്റ്റാലേഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് നഗരത്തെ ആകമാനം ഒരു ‘ഓപൺ എയർ ആർട്ട് ഗാലറി’യാക്കി മാറ്റും. ഇതിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായി. സ്വദേശികളും വിദേശികളുമായി മുഴുവൻ നഗരവാസികളെയും ഈ കലാദൃശ്യങ്ങൾ കാണാൻ സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.
സന്ദർശകർക്ക് ഇടപഴകാൻ കഴിയുന്ന സംവേദനാത്മക ഇൻസ്റ്റാലേഷനുകളും അനുബന്ധ പരിപാടികളും ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ആർട്ട് ആഘോഷമാണ് നൂർ റിയാദ് എന്ന് ആഘോഷ സമിതിയുടെ മേധാവി നൗഫ് അൽമുനീഫ് പറഞ്ഞു. 2021ൽ ‘നൂർ റിയാദ്’ ആഘോഷം ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 90 ലക്ഷം സന്ദർശകരെ ഈ പരിപാടി ആകർഷിച്ചു.
അഞ്ചാം സീസണിെൻറ മുദ്രാവാക്യം ‘ഒരു കണ്ണിെൻറ മിന്നലിൽ’ എന്നാണ്. റിയാദ് നഗരം സാക്ഷ്യം വഹിക്കുന്ന വികസനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും അൽമുനീഫ് പറഞ്ഞു. ഈ വർഷത്തെ പതിപ്പ് കലാപരമായ കാഴ്ചപ്പാട് വികസിപ്പിക്കുകയും വൈവിധ്യമാർന്ന താൽപ്പര്യങ്ങളുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അനുഭവങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
വലിയ തോതിലുള്ള 60 ലൈറ്റ് ഇൻസ്റ്റലേഷനുകളിലൂടെ റിയാദിെൻറ സ്വഭാവവും പരിവർത്തനവും എടുത്തുകാണിക്കുന്ന കലാപരമായ നിമിഷങ്ങൾ ഇത് സൃഷ്ടിക്കും. തലസ്ഥാനത്തെ നിരവധി നഗര, സാംസ്കാരിക കേന്ദ്രളിലാണ് ഈ കലാസൃഷ്ടികൾ സ്ഥാപിക്കുകയെന്നും അൽമുനീഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.