വന്ദേ ഭാരത് മിഷനിൽ മൂന്നാം ഘട്ടത്തിൽ സൗദിയിൽ നിന്നും കേരളത്തിലേക്ക് 3515 പേർക്ക് യാത്രക്കവസരം

ജിദ്ദ: വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ സൗദിയിൽ നിന്നും കേരളത്തിലേക്ക് 3515 പേർക്ക് അവസരമുണ്ടാവും. ജൂൺ 10 മുതൽ 15 വരെ റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ നിന്നായി 11 സർവിസുകൾ മുഖേനയാണ് ഇത്രയും പേർക്ക് അവസരമുണ്ടാവുക. മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും കോഴിക്കോട്ടേക്ക് ഓരോ സർവിസുകൾ വീതമാണുള്ളത്.

149 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ചെറിയ വിമാനം ഉപയോഗിച്ചായിരിക്കും കോഴിക്കോട്ടേക്കുള്ള സർവിസുകൾ. റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നും കണ്ണൂരിലേക്ക് ഓരോ സർവിസുകളുണ്ട്. ഇവയിൽ ഓരോ സർവിസിലും 319 പേർക്ക് യാത്രക്ക് അവസരമുണ്ടാകും. മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകളുണ്ട്. 405 യാത്രക്കാരെ ഉൾകൊള്ളുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും ഈ സർവിസുകൾ. കേരളത്തിലേക്കുള്ള സർവിസുകൾ മുബൈ, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിലേക്ക് നീട്ടുമെന്ന നേരത്തെയുള്ള പ്രഖ്യാപനം ഇന്ത്യൻ എംബസി പുറത്തുവിട്ട പുതിയ ഷെഡ്യൂളിൽ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ കേരളത്തിലേക്കുള്ള വിമാനങ്ങളിൽ മറ്റു സംസ്ഥാനക്കാർ ഉണ്ടാവില്ല.

ജൂൺ 10 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കും ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുമാണ് ആദ്യ സർവിസുകൾ. അന്നേ ദിവസം രാവിലെ 11.20 ന് റിയാദിൽ നിന്നും യാത്ര പുറപ്പെടുന്ന വിമാനം വൈകീട്ട്  6.45 ന് കോഴിക്കോട്ടേത്തും. ദമ്മാമിൽ നിന്നും രാവിലെ 11.30 നു പറന്നുയരുന്ന വിമാനം വൈകീട്ട്  6.20 ന് കണ്ണൂരിലെത്തും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം രാവിലെ 11 മണിക്ക് പുറപ്പെട്ട് വൈകീട്ട്  6.50 ന് കൊച്ചിയിലെത്തും. 

കോഴിക്കോട്ടേക്ക് വലിയ വിമാനം സർവിസ് നടത്തണമെന്ന ആവശ്യം ശക്തം

റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ കോഴിക്കോട് ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്ക് വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ്‌ നടത്തുമ്പോൾ കോഴിക്കോട്ടേക്ക് ചെറിയ വിമാനം മാത്രം അനുവദിക്കുന്നതിൽ ഇതുവഴി യാത്ര ചെയ്യേണ്ട പ്രവാസികൾ അതൃപ്തരാണ്. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി ലാൻഡിങ്ങിന് അനുവാദം ഇല്ലെന്ന സാങ്കേതിക കരണമായിരുന്നു നേരത്തെ ഇതുസംബന്ധിച്ച് അധികൃതരുടെ വിശദീകരണം.

എന്നാൽ പുതിയ ഷെഡ്യൂൾ അനുസരിച്ച് വൈകീട്ടാണ് വിമാനം കോഴിക്കോട്ടെത്തുന്നത്. അതിനാൽ കോഴിക്കോട്ടേക്കുള്ള സർവിസുകൾക്കും വലിയ വിമാനം തന്നെ ഉപയോഗിച്ച് പരമാവധി ആളുകളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം പ്രവാസികൾക്കിടയിൽ ശക്തമാണ്. സൗദിയുടെ പടിഞ്ഞാറൻ മേഖലയായ ജിദ്ദയിൽ മലബാർ പ്രദേശങ്ങളിലുള്ള പ്രവാസികളാണ് മഹാഭൂരിപക്ഷവും. ഇവരെല്ലാം നാട്ടിലേക്ക് മടങ്ങാനായി ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളമാണെന്നിരിക്കെ കോഴിക്കോട്ടേക്കുള്ള സർവിസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Tags:    
News Summary - expatriots return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.