സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധം

ജിദ്ദ: സൗദിയിൽ തൊഴിൽ വിസകൾ അനുവദിക്കുന്നതിന് തൊഴിൽ കരാർ നിർബന്ധമാക്കാൻ നീക്കം. ഇതിനായുള്ള നടപടിക്രമം തയാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. പുതിയ തീരുമാനം വിദേശികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകും.

തൊഴിലാളികളുമായുള്ള എല്ലാ കരാറുകളുടേയും മേൽനോട്ടത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിലവിൽ സൗദിയിലേക്ക് തൊഴിലാളികൾ എത്തിയ ശേഷമാണ് കരാറുകൾ തയാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴിൽ വിസയിൽ വരുന്നയാളുമായി മുൻകൂട്ടി കരാർ തയാറാക്കണം.

വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിർദേശം. ഫലത്തിൽ തൊഴിൽ കരാർ ഉള്ളവർക്ക് മാത്രമേ തൊഴിൽ വിസ ലഭിക്കൂ. സൗദിയിലെത്തിയ ശേഷം വിദേശികൾ സ്ഥാപനവും സ്പോൺസർഷിപ്പും മാറാറുണ്ട്. അതിന് നിലവിലുള്ള രീതി തന്നെ തുടരും. പുതിയ നീക്കം നടപ്പായാൽ വിദേശി തൊഴിലാളികൾക്ക് ഗുണമാകും.

ശമ്പളവും തൊഴിലവകാശവും അടക്കമുള്ള കാര്യങ്ങളിൽ തർക്കം ഇല്ലാതാക്കാനും ഇത് സഹായിക്കും. നിലവിലെ ചട്ടമനുസരിച്ച് തൊഴിൽ കരാർ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ ഖിവ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും കരാർ കാലാവധിയും ഇതിലുണ്ടാകണം. ശമ്പളം വൈകുക, തൊഴിൽ അവകാശം ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ഈ രേഖയാണ് പരിശോധിക്കുക.

ശമ്പളം വൈകിയതിനും മറ്റും ബാങ്ക് രേഖകളും തെളിവാകും. ഫലത്തിൽ വിദേശികൾക്ക് തീരുമാനം ഗുണമാവുകയാണ് ചെയ്യുക. ഇതോടൊപ്പം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം സംബന്ധിച്ച മുഴുവൻ നിയന്ത്രണവും മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കും. സ്ഥാപനം ചട്ടം ലംഘിച്ചാൽ തൊഴിലാളിക്കും, തൊഴിലാളി ചട്ടം ലംഘിച്ചാൽ സ്ഥാപനത്തിനും കരാർ റദ്ദാക്കാം. തൊഴിലാളിയെ എക്സിറ്റിൽ വിടണോ, അതല്ല സ്പോൺസർഷിപ്പ് മാറ്റം അനുവദിക്കണോ എന്നതിലും തൊഴിൽ കരാറാണ് കണക്കിലെടുക്കുക.

Tags:    
News Summary - employment agreement mandatory for work visa in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.