റിയാദ് മേഖലയിൽ മയക്കുമരുന്ന് ശേഖരവുമായി പിടിയിലായ പ്രതികൾ

സൗദിയിൽ മയക്കുമരുന്ന് വേട്ട തുടരുന്നു; കയറ്റുമതി സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി

റിയാദ്: സൗദിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കി അധികൃതർ പരിശോധന തുടരുന്നു. ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം റിയാദ് മേഖലയിൽ വൻ മയക്കുമരുന്ന് വേട്ടയാണ് നടന്നത്.

വാൽനട്ട് കയറ്റുമതിക്കുള്ളിൽ ഒളിപ്പിച്ച 2,064,000 ആംഫെറ്റാമൈൻ ഗുളികകൾ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് പിടിച്ചെടുത്തു. രണ്ട് സ്വദേശി പൗരന്മാരും രണ്ട് സിറിയൻ പൗരന്മാരുമടക്കം നാലു പ്രതികളെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മറ്റു ചരക്കുകൾക്കിടയിലൂടെ രാജ്യത്തേക്ക് കടത്തിയ മയക്കുമരുന്ന് സ്വീകരിച്ചവരായി രുന്നു അറസ്റ്റിലായ മുഴുവൻ പ്രതികൾ.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ ദൗത്യത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ ലക്ഷ്യമിടുന്ന മയക്കുമരുന്ന് കള്ളക്കടത്ത് നിരീക്ഷിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് അറസ്റ്റ്. സമൂഹത്തിന്റെ സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കാൻ പരിശോധനകളും നിയന്ത്രണ നടപടികളും ശക്തിപ്പെടുത്തുകയാണ് അധികൃതർ. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്‌ലൈൻ നമ്പർ വഴിയോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവർത്തിച്ച് അഭ്യർഥിച്ചു.

റിപ്പോർട്ടിലെ വിവരങ്ങൾ ശരിയാണെങ്കിൽ വിവരം അറിയിക്കുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുന്നതിനൊപ്പം അവരുടെ വിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്നും അധികൃതർ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതും ശക്തമായ പരിശോധനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.

Tags:    
News Summary - Drug hunt continues in Saudi Arabia; drug stash hidden in export goods seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.