പ്രവാചക മൂല്യങ്ങളിൽ നിന്നുള്ള അകൽച്ചയാണ് വൃദ്ധസദനങ്ങളുടെ വർധനവിന് കാരണം- ഡോ. പി.എം.എ. വഹാബ്
ജിദ്ദ: സ്വന്തം മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം വർധിക്കുന്നതും വൃദ്ധസദനങ്ങൾ വ്യാപകമാകുന്നതിനും പ്രവാചക മൂല്യങ്ങളിൽ നിന്നുള്ള സമൂഹത്തിന്റെ അകൽച്ചയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. പി.എം.എ. വഹാബ് അഭിപ്രായപ്പെട്ടു.
ജപ്പാനിൽ ഏകാന്തതയിൽ കഴിയുന്നതിനിടെ മരണപ്പെടുന്നവരുടെ 'കൊഡോകുഷി' എന്ന പ്രതിഭാസം പരാമർശിച്ച അദ്ദേഹം, സ്വന്തം വീടുകളിൽ ഏകാന്തത അനുഭവിച്ച് 76,000ത്തിലധികം വയോധികർ മരണപ്പെട്ടതായി വിശദീകരിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പൊതു പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളിൽ ധാർമിക ബോധം വളർത്തുന്നതിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതബോധമില്ലാതെ വളരുന്ന കുട്ടികൾ ഭാവിയിൽ സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തൻസീർ സ്വലാഹി പ്രഭാഷണം നടത്തി. ജീവിതത്തിൽ സുഖങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമ്പോൾ അവയിൽ മതിമറക്കാതെ സ്രഷ്ടാവിനോട് നന്ദി പ്രകടിപ്പിച്ച് ജീവിക്കാനാണ് ഓരോ വിശ്വാസിയും ഏറെ ജാഗ്രത കാണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.