ജിദ്ദയിൽ ടി.എസ്.എസ് വനിത വിഭാഗം സ്തനാർബുദ ബോധവൽകരണ പരിപാടി ഒരുക്കി
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) വനിത വിഭാഗവും ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി സ്തനാർബുദ ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്തനാർബുദ ബോധവൽക്കരണ ത്തിന്റെ ആഗോള പ്രതീകമായ പിങ്ക് നിറങ്ങളാൽ അലങ്കരിച്ച കോൺസുലേറ്റ് അങ്കണത്തിൽ നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയും ഭാര്യ ഫഹ്മിന ഖാത്തൂനും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾ എന്നും അഭിമാനകരവും അഭിനന്ദനാർഹവുമാണെന്ന് കോൺസൽ ജനറൽ പറഞ്ഞു. വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ പരിപാടികളിലൂടെ പ്രവാസി സമൂഹത്തിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താനും ആരോഗ്യസംരക്ഷണ മേഖലയിൽ ക്രിയാത്മകമായ സംഭാവനകൾ നൽകാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.എസ്.എസ് പ്രസിഡന്റ് ഷബീർ സുബൈറുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ കിങ്സ് കോളജ് ഹോസ്പിറ്റലിലെ ലണ്ടനിൽ നിന്നുള്ള ഓങ്കോളജിസ്റ്റും പ്രമുഖ കാൻസർ രോഗവിദഗ്ധനുമായ ഡോ.ഇക്ബാൽ ഹുസൈൻ മണിയാർ സ്തനാർബുദ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ആധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ജിദ്ദ നാഷനൽ ഹോസ്പിറ്റലിലെ ജനറൽ ഫിസിഷ്യൻ ഡോ.ഇന്ദു ചന്ദ്രശേഖരൻ, ഡോ. ഷമീ ഷബീർ എന്നിവരും സംസാരിച്ചു. സ്ത്രീകൾക്കിടയിൽ ആരോഗ്യപരമായ അവബോധം വളർത്തേണ്ടതിന്റെയും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തേണ്ടതിന്റെയും അനിവാര്യത ഡോക്റ്റർമാർ ചൂണ്ടിക്കാട്ടി.
കാൻസറിനെ അതിജീവിച്ച പ്യാരി ടീച്ചർ തന്റെ ജീവിതാനുഭവങ്ങൾ സദസുമായി പങ്കുവെച്ചത് നവ്യാനുഭവമായി. ഫിനോം അക്കാദമി അവതരിപ്പിച്ച കാൻസർ ബോധവൽക്കരണ സ്കിറ്റ് പരിപാടിക്ക് മാറ്റ് കൂട്ടി. ആമിന ബിജു, മിൻസ ഫാത്തിമ, അസ്ന ബിജു എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. ടി.എസ്.എസ് വനിത വിഭാഗം കൺവീനർ ഷൈമ നജീബ് സ്വാഗതവും ജോയിന്റ് കൺവീനർ നസ് വി ഫൈനൂസ് നന്ദിയും പറഞ്ഞു.
ജിദ്ദയിലെ വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും കൂട്ടായ്മയിലെ അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ടി.എസ്.എസ് വനിത വിഭാഗം അംഗങ്ങൾ പരിപാടിക്ക് നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.