യാത്രാവിലക്ക്​ നീക്കുന്നു; സൗദിയിൽനിന്ന്​ വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ തിരിച്ചെത്താം

ജിദ്ദ: കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് താൽക്കാലിക യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സൗദിയിൽ നിന്ന് നേരിട്ട് പൂർത്തീകരിച്ച, സൗദി ഇഖാമ ഉള്ളവർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.

ഇതുസംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഉടൻ നടപ്പാക്കിയേക്കാം എന്നുമറിയിച്ചുകൊണ്ടുള്ള സർക്കുലർ സൗദി വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും രാജ്യത്തെ വിദേശ നയതന്ത്ര കാര്യാലയങ്ങളിൽ ലഭിച്ചു. സർക്കുലർ ലഭിച്ച കാര്യം സൗദിയിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടണ്ട്. പുതിയ തീരുമാനമനുസരിച്ച് സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ അവധിക്ക് പോയി തിരിച്ചു വരുന്ന സൗദിയിൽ താമസരേഖയുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. എന്നാൽ തീരുമാനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇപ്രകാരം സൗദിയിലേക്ക് നേരിട്ട് എത്തുന്നവർ ചില കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടിവരും.

ഇതിനോടകം സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിൽ അവധിക്കായി പോയ പതിനായിരക്കണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനപ്രകാരം സൗദിയിലേക്ക് നേരിട്ട് മടങ്ങാനാവും. എന്നാൽ സൗദിയിൽ നിന്നും ഒരു ഡോസ് വാക്സിനെടുത്തവർക്കും നാട്ടിൽ നിന്നും വാക്സിൻ എടുത്തവർക്കും നിലവിൽ പുതിയ തീരുമാനം ബാധകമാവില്ല. എന്നാൽ ഘട്ടംഘട്ടമായി വരും ദിവസങ്ങളിൽ ഇത്തരക്കാർക്കും നേരിട്ട് പ്രവേശനം അനുവദിച്ചേക്കും. ഇന്ത്യ, പാക്കിസ്ഥാൻ, യു.എ.ഇ, ഈജിപ്ത്, ബ്രസീൽ, അർജന്റീന, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, തുർക്കി, ലബനാൻ, എത്യോപ്യ എന്നീ 13 രാജ്യങ്ങളിൽ നിന്നാണ് നിലവിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം വിലക്കിയിരിക്കുന്നത്.

Tags:    
News Summary - Direct access to Saudi Arabia from travel-restricted countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.