സൗരോർജ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള കരാർ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റിയും ആഗോള സൗരോർജ കമ്പനി ലോങ്ങിയും ഒപ്പുവെച്ച ചടങ്ങ്
ജിദ്ദ: സൗരോർജ മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിനുള്ള ധാരണപത്രത്തിൽ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും (കൗസ്റ്റു) സൗരോർജ വ്യവസായത്തിലെ ആഗോള കമ്പനി ലോങ്ങിയും ഒപ്പുവെച്ചു.
സോളാർ എനർജി ബിസിനസിനായുള്ള പ്രമുഖ അന്താരാഷ്ട്ര ഇവന്റായ ‘ഷാങ്ഹായ് ഇന്റർനാഷനൽ എക്സ്പോ 2023’ലാണ് ധാരണപത്രം ഒപ്പിടൽ ചടങ്ങ് നടന്നത്. യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മേധാവിയുടെ പ്രത്യേക ഉപദേഷ്ടാവ് ഡോ. കെവിൻ കോലിൻ, ലോങ്ങി കമ്പനി മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ റീജനൽ പ്രസിഡന്റ് ഡോ. ജെയിംസ് ജെയ്ൻ എന്നിവരാണ് ഒപ്പുവെച്ചത്.
രണ്ട് സ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരടക്കം നിരവധിയാളുകളുടെ പങ്കാളിത്തത്തിന് ചടങ്ങ് സാക്ഷിയായി. സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് എന്നിവക്ക് അനുസൃതമായി കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ നവീകരണവും സുസ്ഥിര ഊർജ പരിഹാരങ്ങളും സ്വീകരിക്കലും ത്വരിതപ്പെടുത്തലുമാണ് കരാറിലുടെ ലക്ഷ്യമിടുന്നത്.
കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏറ്റവും പുതിയ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലോങ്ങിയുടെ വ്യാവസായിക വൈദഗ്ധ്യവും സംയോജിപ്പിച്ച് പ്രാദേശികവും ആഗോളവുമായ ഊർജ വെല്ലുവിളികളെ നേരിടാൻ സൗരോർജ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സംയുക്ത പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത് ഡോ. കെവിൻ കോലിൻ പറഞ്ഞു.
സോളാർ എനർജി ടെക്നോളജിയിൽ സ്വാധീനം ചെലുത്താനും ശുദ്ധവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള പരിവർത്തനത്തിന് സംഭാവന നൽകാനും ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോങ്ങി പോലുള്ള വ്യാവസായിക പങ്കാളികളുമായുള്ള സഹകരണം യൂനിവേഴ്സിറ്റി സോളാർ എനർജി കേന്ദ്രത്തിൽ സൗരോർജ സാങ്കേതികവിദ്യകളിലെ നവീകരണം ത്വരിതപ്പെടുത്തുന്നതിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് യൂനിവേഴ്സിറ്റി സോളാർ എനർജി റിസർച് സെന്റർ ആക്ടിങ് ഡയറക്ടർ ഡോ. ഫ്രെഡറിക് ലൂക്കാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.