വാണിജ്യ നിയമലംഘനം: 42 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി

ജിദ്ദ: സൗദി അറേബ്യയിലെ വാണിജ്യ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി വാണിജ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ആന്റി കൊമേഴ്സ്യൽ ഫ്രോഡ് നിയമം ലംഘിച്ച 42 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ മന്ത്രാലയം പരസ്യപ്പെടുത്തി. ഹാഇൽ, ഖസീം, മദീന, നജ്‌റാൻ, നോർത്തേൻ ബോർഡർ എന്നീ അഞ്ച് പ്രവിശ്യകളിലായി പുറപ്പെടുവിച്ച 40 വിധിന്യായങ്ങളിലൂടെയാണ് കുറ്റക്കാരെ തിരിച്ചറിഞ്ഞത്.

ശിക്ഷിക്കപ്പെട്ടവരിൽ 16 വാണിജ്യ സ്ഥാപനങ്ങളും 14 സ്വദേശികളും 12 വിദേശികളും ഉൾപ്പെടുന്നു. കരാർ ജോലികൾ, കമ്യൂണിക്കേഷൻസ്, ഭക്ഷ്യവസ്തുക്കൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, പുകയില ഉൽപന്നങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ, ടയർ ഷോപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് നിയമലംഘനം നടത്തിയത്. കുറ്റക്കാർക്ക് ആകെ 27 ലക്ഷം റിയാലിലധികം പിഴ ചുമത്തിയിട്ടുണ്ട്.

പിഴയ്ക്ക് പുറമെ തടവുശിക്ഷ, വിദേശികളെ നാടുകടത്തൽ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ, വ്യാജ സാധനങ്ങൾ കണ്ടുകെട്ടി നശിപ്പിക്കൽ തുടങ്ങിയ കടുത്ത ശിക്ഷാ നടപടികളും കോടതി വിധിച്ചു. വിപണിയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ കർശനമായ നിലപാടാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.