ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് അൽഹുഖൈൽ സംസാരിക്കുന്നു
റിയാദ്: അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് മേളയായ സിറ്റിസ്കേപ് ഗ്ലോബൽ എക്സിബിഷന് റിയാദിൽ തുടക്കം. ഈ മാസം 20 വരെ മൽഹമിലെ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ‘നഗരജീവിതത്തിെൻറ ഭാവി’ എന്ന വിഷയത്തിൽ മുനിസിപ്പൽ, ഭവന മന്ത്രാലയത്തിെൻറയും രക്ഷാകർതൃത്വത്തിൽ ഭവന പദ്ധതിയുമായും ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റുമായും സഹകരിച്ചാണ് സിറ്റിസ്കേപ് ഒരുക്കിയിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ഡെവലപ്പർമാർ, നിക്ഷേപകർ എന്നിവരുടെ ഒരു ഉന്നത സംഘത്തെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണിത്. ആഗോളതലത്തിൽ പ്രദർശനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ എഡിഷനാണ് ഈ വർഷത്തേത്. 20,000 അന്താരാഷ്ട്ര സന്ദർശകർ ഉൾപ്പെടെ 1,72,000 ആളുകൾ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
121 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, എൻജിനീയറിങ് സ്ഥാപനങ്ങൾ, നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിച്ച് 450 അന്താരാഷ്ട്ര പ്രദർശകരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ആസൂത്രണത്തിെൻറ ഭാവിയെക്കുറിച്ച് ചർച്ചചെയ്യുന്ന പ്രത്യേക സമ്മേളനങ്ങളുടെ പരമ്പരയിൽ 500 അന്താരാഷ്ട്ര പ്രഭാഷകർ പങ്കെടുക്കും. സ്മാർട്ട് ബിൽഡിങ് സാങ്കേതികവിദ്യകൾ, ബന്ധിപ്പിച്ച നഗര സംവിധാനങ്ങൾ, ശുദ്ധമായ ഊർജ പരിഹാരങ്ങൾ, ഭാവിയിലെ നഗരങ്ങൾ നിർമിക്കുന്നതിൽ ഡേറ്റയുടെയും കൃത്രിമബുദ്ധിയുടെയും പങ്ക് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ സാങ്കേതിക റിയൽ എസ്റ്റേറ്റ് പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി ഈ പ്രദർശനം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി റിയൽ എസ്റ്റേറ്റ് വിപണിയിൽ 161 ബില്യൺ റിയാൽ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് കരാറുകളും ഡീലുകളും നടന്നതായി മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് അൽഹുഖൈൽ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചു. റിയാദ്, മക്ക, ജിദ്ദ, മദീന, ദമ്മാം എന്നീ നഗരങ്ങളിലെ സൗദി വിപണിക്ക് 2030 ആകുമ്പോഴേക്കും 15 ലക്ഷം ഭവനയൂനിറ്റുകൾ കൂട്ടിച്ചേർക്കേണ്ടിവരുമെന്നും ഡിമാൻഡിെൻറ 46 ശതമാനം റിയാദിലാണെന്നും അൽഹുഖൈൽ സൂചിപ്പിച്ചു. 2030 ആകുമ്പോഴേക്കും റിയാദിൽ 7,31,000 ഭവന യൂനിറ്റുകൾ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ജിദ്ദ, ദമ്മാം, മക്ക എന്നിവിടങ്ങളിലെ മാർക്കറ്റ് റീഡിങ്ങുകൾ ഹ്രസ്വ, ഇടത്തരം കാലയളവിൽ പുതിയ ഭൂമി നികുതിയോ വാടക നിയന്ത്രണങ്ങളോ ആവശ്യപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
2024 അവസാനത്തോടെ സൗദികളിൽ വീടുകൾ സ്വന്തമാക്കിയവരുടെ എണ്ണം 65 ശതമാനം കവിഞ്ഞതായും റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിലെ വിദേശ നിക്ഷേപം 2024ൽ മൊത്തം നിക്ഷേപത്തിെൻറ 15.27 ശതമാനം ആണെന്നും മന്ത്രി പറഞ്ഞു.
വികസനത്തിലും പുനർനിർമാണത്തിലും വെറും നിർവഹണക്കാരിൽനിന്ന് പ്രധാന പങ്കാളികളിലേക്കുള്ള സൗദി ഡെവലപ്പർമാരുടെ പരിവർത്തനത്തിെൻറ ഒരു തെളിവാണ് സിറ്റിസ്കേപ് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.