ജുബൈൽ: ഈ അധ്യയന വർഷത്തിൽ ബോർഡ് പരീക്ഷകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് സൗദിയിലെ സി.ബി.എസ്.ഇ 12-ാം ക്ലാസ് വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾക്ക് മങ്ങലേൽക്കാതിരിക്കാൻ കേന്ദ്ര സർക്കാരിെൻറ അടിയന്തര ഇടപെടൽ വേണമെന്ന് ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ആവശ്യപ്പെട്ടു. സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി പ്രത്യേക പരിഗണന, മാർക്ക് ഇളവ്, പുതിയ പരീക്ഷാ അവസരങ്ങൾ എന്നിവ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു.
പ്രാദേശിക സുരക്ഷാ സാഹചര്യം നിമിത്തം ഷെഡ്യൂൾ ചെയ്തിരുന്ന സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതാണ് കാര്യങ്ങൾ അവതാളത്തിലാക്കിയത്. പകരം സ്കൂളുകൾ നടത്തിയ മൂല്യനിർണയത്തിെൻറ അടിസ്ഥാനത്തിലാണ് റദ്ദാക്കിയ വിഷയങ്ങളുടെ ഫലം സി.ബി.എസ്.ഇ നിശ്ചയിച്ചത്. എന്നാൽ, ഈ ബദൽ സംവിധാനം വിദ്യാർഥികളുടെ കഠിനാധ്വാനത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നില്ലെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ചൂണ്ടിക്കാണിക്കുന്നു.
പ്രവേശന പരീക്ഷകളിൽ മികച്ച റാങ്ക് കരസ്ഥമാക്കിയിട്ടും പന്ത്രണ്ടാം ക്ലാസിലെ മാർക്ക് നിബന്ധനകൾ മൂലം മാത്രം മികച്ച കലാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് പലരും. ഈ സാഹചര്യത്തിൽ, ഡി.എ.എസ്.എ/സി.ഐ.ഡബ്ല്യൂ.ജി പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതാ മാനദണ്ഡം ഇത്തവണ നിലവിലെ 75 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറയ്ക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. പ്രഖ്യാപിച്ച ഫലത്തിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്കായി റദ്ദാക്കപ്പെട്ട വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ നടപടിയുണ്ടാകണം. ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതാൻ അനുവാദം നൽകണമെന്നും, ബദൽ ഫലവും പുതിയ പരീക്ഷാ ഫലവും താരതമ്യം ചെയ്ത് അതിൽ മികച്ചത് കണക്കിലെടുക്കണമെന്നും ഐ.ഒ.എഫ് ആവശ്യപ്പെടുന്നു. വിദ്യാർഥികൾ വർഷങ്ങളായി മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസത്തിനായി കഠിനാധ്വാനം ചെയ്തവരാണെന്നും, പലരും ജെ.ഇ.ഇ മെയിൻ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലൂടെ ഇതിനകം തന്നെ തങ്ങളുടെ മെറിറ്റ് തെളിയിച്ചിട്ടുണ്ടെന്നും ഐ.ഒ.എഫ് കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ് അനിൽ മാൽപാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.