മുൻവർഷത്തെ 'ബിബാൻ ഫോറം' എക്സിബിഷൻ
റിയാദ്: ജനറൽ അതോറിറ്റി ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ‘മുൻശആത്’ സംഘടിപ്പിക്കുന്ന ബിബാൻ 2025 ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 900 ൽ അധികം സ്റ്റാർട്ടപ്പ് കമ്പനികൾ പങ്കെടുക്കും. ‘അവസരങ്ങൾക്കായുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിൽ നടക്കുന്ന ഈ വർഷത്തെ ബിബാൻ ഫോറം നവംബർ അഞ്ച് മുതൽ എട്ട് വരെ റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് നടക്കുക.
പ്രാദേശിക, അന്തർദേശീയ സംരംഭക മാതൃകകൾ പ്രദർശിപ്പിക്കുക, വാഗ്ദാനങ്ങൾ നൽകുന്ന പദ്ധതികൾ ഉയർത്തിക്കാട്ടുക, സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി നേരിട്ട് ആശയവിനിമയം നടത്താൻ പ്രാപ്തമാക്കുന്ന ഒരു സംയോജിത അന്തരീക്ഷത്തിലൂടെ അവയെ രാജ്യത്തിന്റെ സംരംഭകത്വ ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. പ്രാദേശിക, ആഗോള തലങ്ങളിൽ വിപുലീകരണത്തിനും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പുകളെ പ്രാപ്തരാക്കുന്നതും ലക്ഷ്യത്തിലുൾപ്പെടും.
840 സ്റ്റാർട്ടപ്പുകൾ, 32 പ്രാദേശിക ബിസിനസ് ഇൻകുബേറ്ററുകൾ, 32 ആഗോള ബിസിനസ് ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ എന്നിവ ഈ പരിപാടിയിൽ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു. മേഖലയിലെയും ലോകത്തിലെയും ഏറ്റവും പ്രമുഖ സംരംഭക സ്ഥാപനങ്ങളിൽ ഒന്നാണിത്. വിവര, ആശയവിനിമയ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പരിസ്ഥിതി, കല, വിനോദം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലാണ് ഇവ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുത്ത നിക്ഷേപകരുടെ ഒരു കൂട്ടത്തിന് മുന്നിൽ പ്രോജക്റ്റുകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരവും ഈ പരിപാടി സ്റ്റാർട്ടപ്പുകൾക്ക് നൽകും. കൂടാതെ വിവിധ മേഖലകളിൽ നിന്നും താൽപ്പര്യങ്ങളിൽ നിന്നുമുള്ള ഫോറത്തിലെ സന്ദർശകരുമായി അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും തുറന്ന സംവാദങ്ങൾ കെട്ടിപ്പടുക്കുന്നതിനുമായി ‘ബിബാൻ ടോക്സ്’ വേദിയിൽ സംസാരിക്കാനുള്ള അവസരം പ്രദർശകർക്ക് നൽകും. സംരംഭകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വളർച്ചയും സുസ്ഥിരതയും കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഏഴ് നൂതന വാതിലുകളിലൂടെയാണ് ബിബാൻ 2025 ഫോറം സന്ദർശകരെ സ്വാഗതം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.