ജിദ്ദ: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം സൗദി കസ്റ്റംസ് അതോറിറ്റി പിടികൂടി. കഴിഞ്ഞ ദിവസം ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ലബനാനിൽനിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് വിഭാഗത്തിൽ പെടുന്ന 6,875,000 ആംഫെറ്റാമൈൻ ഗുളികകളാണ് പിടികൂടിയത്. പെയിന്റ് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച നിലയിൽ ആംഫെറ്റാമൈൻ ഗുളികകളുടെ ഒരു വലിയ ശേഖരം സുരക്ഷാ പരിശോധനയിലൂടെയാണ് അധികൃതർ പിടിച്ചെടുത്തത്. ലബനാനിൽനിന്ന് സൗദി വഴി മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കസ്റ്റംസ് അധികൃതർ മയക്കുമരുന്ന് പിടികൂടിയത്.
കള്ളക്കടത്തിൽ ഏർപ്പെട്ടിരുന്നവരെ അറസ്റ്റ് ചെയ്തതായും അവരിൽ നിന്ന് 8 ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ ഷാൽഹൂബ് പറഞ്ഞു. ഇതോടെ പിടിച്ചെടുത്ത ആകെ ഗുളികകളുടെ അളവ് 14.85 ദശലക്ഷം ആയതായി അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് കള്ളക്കടത്തിൽ ഉൾപ്പെട്ടിരിക്കുന്ന ക്രിമിനൽ ശൃംഖലകളുടെ പ്രവർത്തനങ്ങളും പദ്ധതികളും നിരീക്ഷിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പ്രതിനിധീകരിക്കുന്ന മന്ത്രാലയം നടത്തിയ മുൻകരുതൽ സുരക്ഷാ തുടർനടപടികളുടെ ഫലമായി മയക്കുമരുന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് വക്താവ് പറഞ്ഞു. 'ലെബനാനിലെ കൗണ്ടർ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയതോടെ മയക്കുമരുന്ന് കടത്തിൽ ഉൾപ്പെട്ടവരെ പൂർണമായും അറസ്റ്റുചെയ്യാനും സാധിച്ചതായി നാർക്കോട്ടിക് വിഭാഗം വക്താവ് ചൂണ്ടിക്കാട്ടി.
സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്ലൈൻ നമ്പർ വഴിയോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ ശരിയാണെങ്കിൽ വിവരം അറിയിക്കുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുന്നതിനൊപ്പം അവരുടെ വിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്നും അധികൃതർ അറിയിച്ചു.സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതും ശക്തമായ പരിശോധനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.