ജെ.എൻ.എച്ച് ആശുപത്രി ഉദ്‌ഘാടന ചടങ്ങിൽ അയ്മൻ അൽ സഹ്റാനിയും മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലിയും

ഭയപ്പെടുത്തിയ 'ജിന്ന്' ഇന്ന് സുരക്ഷാ ജീവനക്കാരൻ; വ്യവസായി വി.പി. മുഹമ്മദലിയുടെ ജീവിതത്തിലെ അത്ഭുതകരമായ കൂടിക്കാഴ്ച

ജിദ്ദ: ജീവിതം ചിലപ്പോൾ സിനിമയെക്കാൾ വലിയ അത്ഭുതങ്ങൾ കരുതിവെക്കുമെന്ന് തെളിയിക്കുകയാണ് പ്രമുഖ വ്യവസായിയും ജിദ്ദ നാഷനൽ ഹോസ്പിറ്റൽ (ജെ.എൻ.എച്ച്) മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലിയുടെ അനുഭവം. ജിദ്ദയിലെ നുസ്ഹ ഡിസ്ട്രിക്ടിൽ പുതിയ ആശുപത്രി തുടങ്ങാനായി പണിതീരാത്ത കെട്ടിടം പരിശോധിക്കാനെത്തിയ മുഹമ്മദലിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം ഇന്ന് വലിയ സ്നേഹഗാഥയായി മാറിയിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് വിജനമായ ആ വലിയ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെത്തിയ അദ്ദേഹത്തെ വരവേറ്റത് ഇരുളിൽ നിന്നുള്ള ഭയാനകമായ അലർച്ചയായിരുന്നു. മുടിയും താടിയും നീട്ടിവളർത്തി, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു മൂലയിൽ ചുരുണ്ടുകൂടിക്കിടന്ന ഒരാൾ 'ഇറങ്ങിപ്പോടാ ഇവിടെനിന്ന്' എന്ന് ആക്രോശിച്ചപ്പോൾ, ഏതെങ്കിലും 'ജിന്ന്' ആയിരിക്കുമോയെന്ന് ഭയന്ന് അന്ന് മുഹമ്മദലി അവിടെനിന്ന് പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. എന്നാൽ ആ ഭയം ഒരു വലിയ നിയോഗത്തിന്റെ തുടക്കമായിരുന്നു എന്ന് കാലം തെളിയിച്ചു.

പിന്നീട് ആ കെട്ടിടം മുഹമ്മദലി സ്വന്തമാക്കുകയും ജെ.എൻ.എച്ച് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയും ചെയ്തപ്പോഴും അയ്മൻ അൽ സഹ്റാനി എന്ന പേരുകാരനായ സ്വദേശി യുവാവായ 'ജിന്ന്' അവിടെത്തന്നെ തുടർന്നു. കെട്ടിടം മോടിപിടിപ്പിക്കുന്തോറും തന്നെ ഇവിടെനിന്ന് ഇറക്കിവിടുമെന്ന ഭയമായിരുന്നു ആ യുവാവിന്റെ കണ്ണുകളിൽ നിഴലിച്ചിരുന്നത്. പലരും അയാളെ അവിടെനിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചെങ്കിലും, 'അവൻ അവിടെത്തന്നെ ഇരിക്കട്ടെ' എന്നായിരുന്നു മുഹമ്മദലിയുടെ കാരുണ്യം നിറഞ്ഞ മറുപടി. ഒറ്റപ്പെട്ടുപോയ ആ യുവാവിനെ ആട്ടിയോടിക്കാൻ തയാറാകാതെ, സ്നേഹമെന്ന മരുന്നുപയോഗിച്ച് അയാളുടെ ഭയത്തെ ചികിത്സിക്കാനാണ് തീരുമാനിച്ചത്. ഒടുവിൽ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിലൂടെ അയ്മനെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിലേക്ക് അദ്ദേഹം തിരികെ കൊണ്ടുവന്നു.

വി.പി. മുഹമ്മദലി സദസ്സിനെ അഭിസംബോധന ചെയ്യുന്നു

കഴിഞ്ഞ ദിവസം നടന്ന ജെ.എൻ.എച്ച് ആശുപത്രിയുടെ ഭാഗിക ഉദ്ഘാടന വേദിയിൽ വെച്ച്, തന്നെ ഒരിക്കൽ ഭയപ്പെടുത്തിയ അയ്മനെ വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഹമ്മദലി ഈ കഥ വെളിപ്പെടുത്തിയത്. ഇരുളടഞ്ഞ അഞ്ചാം നിലയിലെ ആ മുറികൾ വെളിച്ചം നിറഞ്ഞ ആധുനിക വാർഡുകളായി മാറിയപ്പോൾ, ആ വെളിച്ചത്തിന് കാവലായി ആശുപത്രിയുടെ സുരക്ഷാ വിഭാഗത്തിൽ അയ്മൻ ഇന്ന് അഭിമാനത്തോടെ ജോലി ചെയ്യുന്നു. രണ്ടര മാസം മുമ്പ് കേരളത്തിൽ വെച്ച് തനിക്കുണ്ടായ അപ്രതീക്ഷിതവും വേദനാജനകവുമായ തട്ടിക്കൊണ്ട് പോകൽ സംഭവത്തിൽനിന്ന് രക്ഷപ്പെടാൻ അനേകം കാരുണ്യ പ്രവർത്തങ്ങളോടൊപ്പം താൻ ചെയ്ത ഈ ഒരു സൽക്കർമം കൂടി നിമിത്തമായിട്ടുണ്ടാവാം എന്ന് വി.പി. മുഹമ്മദലി എടുത്തുപറഞ്ഞു.

തന്നെ ഓടിച്ച യുവാവിനെ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനാക്കി മാറ്റിയ മുഹമ്മദലിയുടെ മനസ്സ് പ്രവാസലോകത്തിന് വലിയ സന്ദേശമാണ് നൽകുന്നത്. സ്നേഹം കൊണ്ട് ഒരായുസ്സിനെ എങ്ങനെ പ്രകാശപൂർണ്ണമാക്കാം എന്നതിന്റെ ജീവിക്കുന്ന തെളിവായി ഇന്ന് അയ്മൻ ജിദ്ദ ജെ.എൻ.എച്ച് ആശുപത്രിയിലുണ്ട്.

Tags:    
News Summary - JNH Managing Director VP Muhammad Ali Sharing an experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.