ജിദ്ദ: വിശുദ്ധ റമദാൻ മാസത്തിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി അൽഹറമൈൻ റെയിൽവേ. പുണ്യമാസത്തിലെ തിരക്ക് കണക്കിലെടുത്ത് യാത്രാശേഷി വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി പ്രത്യേക പ്രവർത്തന പദ്ധതിക്ക് സൗദി റെയിൽവേ രൂപം നൽകി.
റമദാനിൽ മൊത്തം 3,662 യാത്രകളിലായി 17 ലക്ഷത്തിലധികം സീറ്റുകൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. തീർഥാടകരുടെയും സന്ദർശകരുടെയും വർധിച്ചുവരുന്ന ആവശ്യകതയും പ്രാർഥനാ സമയങ്ങളും പരിഗണിച്ച് തയാറാക്കിയ ഈ ഷെഡ്യൂൾ പ്രകാരം പ്രതിദിന സർവീസുകളുടെ എണ്ണം നൂറിലധികം ആയിരിക്കും.
സൗദി അറേബ്യയുടെ വിഷൻ 2030, ദേശീയ ഗതാഗത-ലോജിസ്റ്റിക് തന്ത്രം എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ഇരുഹറമുകളിലെയും സന്ദർശകർക്ക് ആചാരാനുഷ്ഠാനങ്ങൾ സുഗമമായി നിർവഹിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഭരണകൂടം നൽകുന്ന പ്രാധാന്യമാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നത്.
മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുള്ള അൽഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണ്. മക്ക മുതൽ മദീന വരെയുള്ള 453 കിലോമീറ്റർ റെയിൽവേ ലൈൻ ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവ വഴിയാണ് കടന്നുപോകുന്നത്. ഭാവിയിൽ സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്പാനിഷ് കമ്പനിയായ ടാൽഗോയിൽ നിന്ന് 20 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനുള്ള കരാറിൽ സൗദി റെയിൽവേ അടുത്തിടെ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.